വിട്ടൊഴിയാതെ കൊറോണ ഭീതി; ലോകത്ത് കൊവിഡ് മരണം 42,000 കവിഞ്ഞു

April 1, 2020

ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 എന്ന മഹാമാരി ഇന്ന് 200-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. 42,149 പേരാണ് ലോകത്ത് കൊവിഡ് 19 മൂലം മരണപ്പെട്ടത്. ഇന്നലെ മാത്രം 4373 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 73,633 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു. 1,77,931 പേര്‍ ഇതുവരെ രോഗത്തില്‍ നിന്നും വിമുക്തരായിട്ടുണ്ട്.

അതേസമയം കേരളത്തില്‍ ഇന്നലെ ഏഴ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 215 ആയി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ വിവിധ ആശുപത്രികളിലുമാണ്.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡ് 19 എന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇത് എല്ലാ രാജ്യങ്ങളിലെയും ജനങ്ങളെ ഭീഷണിയിലാഴ്ത്തുകയും അസ്ഥിരതയ്ക്ക് കാരണമായിട്ടുണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.