അമ്മയാണ് പക്ഷെ പൊലീസുമാണ്; ഒന്നര വയസുകാരനെ വീട്ടിലാക്കി കാക്കിയും മാസ്കും അണിഞ്ഞ് മൗസം
ലോകം മുഴുവൻ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമായി അഹോരാത്രം പണിയെടുക്കുകയാണ് ആരോഗ്യപ്രവർത്തകരും പൊലീസുകാരുമൊക്കെ. സ്വന്തം കുടുംബത്തേയും മക്കളെയുമൊക്കെ മാറ്റിനിർത്തി ജനസേവനത്തിനായി ഇറങ്ങിത്തിരിക്കുന്ന ഇവരോടുള്ള കടപ്പാട് എത്ര പറഞ്ഞാലും തീരില്ല.
ഇപ്പോഴിതാ ലോകത്തിന മുഴുവൻ മാതൃകയായിരിക്കുകയാണ് മൗസം എന്ന പൊലീസുകാരി. ഒന്നര വയസുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് മാസ്കും കാക്കിയും ധരിച്ച് തന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ഇറങ്ങിയിരിക്കുകയാണ് മൗസം.
രാജ്യതലസ്ഥാനത്തെതന്നെ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്നായ മെഹ്റൗലിയിലെ അഹിംസസ്ഥലിലാണ് മൗസമിന് ഡ്യൂട്ടി. ഈ സമയത്ത് ജോലിക്ക് പോകാതെ ലീവെടുക്കാൻ മൗസമിനെ വീട്ടുകാർ നിർബന്ധിച്ചിരുന്നു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം മൗസം ജോലിക്ക് പോകുകയായിരുന്നു.
‘ജനസേവനത്തിനായാണ് ഞാൻ കാക്കിയണിഞ്ഞത്. ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് ഞാൻ എന്റെ കടമ നിറവേറ്റണ്ടത്..? എന്നാണ് 26 കാരിയായ മൗസം ചോദിക്കുന്നത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മൗസമിന്റെ ഭർത്താവ് പ്രവീൺ യാദവ് മൗസമിന് പൂർണപിന്തുണയുമായി രംഗത്തുണ്ട്. പ്രവീണാണ് ഒന്നര വയസുകാരനായ കുഞ്ഞിനെ നോക്കുന്നത്.