‘ഇതാണ് കേരളം, അതിഥി തൊഴിലാളികൾക്കൊപ്പവും കേരള സർക്കാർ’: മോട്ടോർ വാഹനവകുപ്പിന്റെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ
അതിജീവനത്തിന്റെ നാൾവഴികളിലൂടെയാണ് ലോകജനത മുന്നോട്ട് പോകുന്നത്. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ കേരളക്കരയും പോരാടുകയാണ്. ഇപ്പോഴിതാ കേരളത്തിലെ എല്ലാ മേഖലകളിലും ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കായി കേരള സർക്കാർ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് വെച്ച് ഒരു ആൽബം തയാറാക്കിയിരിക്കുകയാണ് കേരള മോട്ടോർ വാഹനവകുപ്പ്. ഹിന്ദിയിലാണ് ആൽബം തയാറാക്കിയിരിക്കുന്നത്. ചലച്ചിത്ര താരം മോഹൻലാലാണ് ആൽബം പങ്കുവെച്ചത്.
‘ലോകത്തെ കാർന്നു തിന്നുന്ന ഒരു മഹാമാരിക്കു മുന്നിൽ ലോകം പകച്ചുനിൽക്കുമ്പോഴും ഓരോ ഭാരതീയനും പോരാട്ടത്തിൻ്റെ പാതയിലാണ്. വ്യക്തി ശുചിത്വം പാലിച്ചും അകന്നുനിന്നു സ്നേഹിച്ചും നാം സഹജീവികളോട് കൂടുതൽ ഉത്തരവാദിത്മുള്ളവരായിത്തീരുന്നു. ഈ പോരാട്ടത്തിൽ കേരള സർക്കാർ നമ്മോടൊപ്പമുണ്ട്, എന്തിനും ഏതിനും തുണയായി.
കേരളത്തിൻ്റെ സമസ്ത മേഖലകളിലും മെയ്യും മനസ്സും മറന്നു നമ്മോടൊപ്പം ചേരുന്ന അതിഥി തൊഴിലാളികളെ ഉദ്ദേശിച്ചുകൊണ്ട് നമ്മുടെ സംസ്ഥാന സർക്കാർ നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം നിന്നുകൊണ്ട് കേരള മോട്ടോർ വാഹനവകുപ്പു പുറത്തിറക്കുന്ന ഈ ഹിന്ദി വീഡിയോ ആൽബം നിങ്ങളിലേക്കെത്തിക്കാൻ എനിക്ക് സന്തോഷമുണ്ട്. ഈ ലോക്ക് ഡൗൺ കാലത്തു ഒട്ടേറെ പരിമിതികൾക്കിടയിൽനിന്നും ഇത്തരമൊരു ഉദ്യമത്തിന് തയ്യാറായ മോട്ടോർ വാഹന വകുപ്പിനും ഈ ആൽബത്തിൻ്റെ അണിയറപ്രവർത്തകർക്കും എൻ്റെ സ്നേഹാശംസകൾ. വീഡിയോ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.