കൊറോണക്കാലത്ത് ജനിച്ച കുഞ്ഞുങ്ങൾ; കൊറോണ കുമാറും കൊറോണ കുമാരിയും
ലോകം മുഴുവൻ ഈ ദിവസങ്ങളിൽ ചർച്ച ചെയ്യുന്നത് കൊവിഡ്-19 എന്ന മഹാമാരിയെക്കുറിച്ചാണ്. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ഈ കാലഘട്ടത്തിൽ ജനിച്ച രണ്ട് നവജാത ശിശുക്കൾ. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ജനിച്ച രണ്ടു കുഞ്ഞുങ്ങൾക്ക് ഈ മഹാമാരിയുടെ പേര് നൽകിയിരിക്കുകയാണ് ആശുപത്രി അധികൃതർ.
പ്രസവത്തിനായി ആശുപത്രിയിൽ എത്തിയ രമാദേവിക്കും ശശികലയ്ക്കും പിറന്ന കുഞ്ഞുങ്ങൾക്ക് കൊറോണ കുമാർ എന്നും കൊറോണ കുമാരി എന്നുമാണ് അധികൃതർ പേര് നിർദ്ദേശിച്ചത്. ഇരുവരുടെയും പ്രസവ ശുശ്രൂഷ നടത്തിയ ഡോ. ഷെയ്ഖ് ഫകെയർ ബാഷയാണ് കുട്ടികൾക്ക് ഈ പേരുകൾ നിർദേശിച്ചത്.
‘ഈ ദിവസങ്ങളിൽ എല്ലാവരും കൊറോണ വൈറസിനെക്കുറിച്ചാണ് സംസാരിക്കുന്നത്. വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി കുട്ടികൾക്ക് ഈ പേര് നൽകാമെന്ന് നിർദ്ദേശിച്ചു. അത് അവരുടെ കുടുംബങ്ങൾ സമ്മതിക്കുകയായിരുന്നു.’ ഡോക്ടർ അറിയിച്ചു. അതേസമയം അടുത്തിടെ ജനിച്ച രണ്ട് കുഞ്ഞുങ്ങൾക്ക് കൊവിഡ് എന്നും കൊറോണ എന്നും പേരിട്ടിരുന്നു.