പതിനായിരം കിലോ കപ്പ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി റോയി ആന്റണി; നന്ദി അറിയിച്ച് സോഷ്യൽ മീഡിയ
കൊറോണ വൈറസ് ബാധയെത്തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി നിരവധി നന്മമനസുകൾ മുന്നോട്ട് വരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ പണമില്ലാത്തതിനെത്തുടർന്ന് സ്വന്തമായി കൃഷി ചെയ്ത പതിനായിരം കിലോ കപ്പ സംഭാവന ചെയ്തിരിക്കുകയാണ് വയനാട്ടിലെ റോയി ആന്റണി എന്ന കർഷകൻ.
ലോക്ക് ഡൗൺ വന്നപ്പോൾ താനും പ്രതിസന്ധിയിലായി. എന്നാൽ തന്നേക്കാൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ തന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുകയാണെന്നും റോയി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ കൈയിൽ പണം ഉണ്ടായിരുന്നില്ല. അതിനാൽ കപ്പ നൽകാമെന്ന് കരുതി. ഈ വിവരം ആദ്യം അറിയിച്ചത് മന്ത്രി കൃഷി മന്ത്രി വി എസ് സുനിൽകുമാറിനെയാണ്.
രണ്ടു ദിവസം കൊണ്ടാണ് കപ്പ ശേഖരിച്ചുകൊണ്ടുപോയത്. സമൂഹ അടുക്കളയിലേക്ക് ആവശ്യമുള്ളത് എടുത്തതിന് ശേഷം ബാക്കി ഹോർട്ടികോർപ്പ് തയാറാക്കുന്ന കിറ്റുകളിലേക്കാകും ഉപയോഗിക്കുക. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ഇതിൽ നിന്നും ലഭിക്കുക. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകുക. അതേസമയം സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് റോയി ആന്റണിയെ പ്രശംസിച്ച് മുന്നോട്ടെത്തുന്നത്.