സൗജന്യ റേഷൻ ഇന്ന് മുതൽ; കാർഡില്ലാത്തവർക്കും റേഷൻ ലഭ്യമാക്കും, ചെയ്യേണ്ടത് ഇത്രമാത്രം
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഏപ്രിൽ 20 വരെയാണ് സൗജന്യ റേഷൻ വിതരണം നടക്കുന്നത്. ഇതിന് ശേഷമായിരിക്കും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സൗജന്യ ധാന്യ വിതരണം.
അതേസമയം റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യ അരിയും കിറ്റും നൽകും. അതിനായി ആധാർ കാർഡും ഫോൺ നമ്പറും നിലവിൽ ഉള്ള വിലാസവും ഉൾപ്പെടുത്തി സത്യവാങ്മൂലം എഴുതി റേഷൻ കടയുടമകൾക്ക് നൽകിയാൽ മതിയാകും. ഇതിലൂടെ സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും റേഷൻ ഉറപ്പാക്കുകയാണ് സർക്കാർ.
അതേസമയം കടയിൽ ഒരേസമയം അഞ്ച് പേർക്ക് മാത്രമായിരിക്കും നില്ക്കാൻ അനുവാദം. കൃത്യമായ സാമൂഹിക അകലം പാലിച്ച് മാത്രമേ നില്ക്കാൻ പാടുള്ളു. അതോടൊപ്പം കടയിൽ എത്താൻ കഴിയാത്തവർക്ക് വീട്ടിൽ സാധനങ്ങൾ എത്തിച്ചുനല്കുന്നതിനുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
രാവിലെ മുതൽ ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും (മഞ്ഞ, പിങ്ക് കാർഡുകൾ ഉള്ളവർ) ഉച്ചകഴിഞ്ഞ് നീല, വെള്ള കാർഡുകാർക്കുമായിരിക്കും സേവനം ലഭിക്കുക.
മഞ്ഞ കാർഡ് – 35 കിലോ അരി
പിങ്ക് കാർഡ് – കാർഡിലുള്ള ഒരു അംഗത്തിന് 5 കിലോ അരി വീതം
നീല, വെള്ള കാർഡ് – 15 കിലോ (കൂടുതൽ അരി ലഭിക്കുന്ന നീല കാർഡുകാർക്ക് അത് തുടരും.)