ഫേസ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാം; നിർദ്ദേശങ്ങളുമായി ചലച്ചിത്രതാരം ഇന്ദ്രൻസ്, വീഡിയോ
കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനും മറ്റുള്ളരുമായി സമ്പർക്കം പുലർത്തുമ്പോൾ ഫേസ് മാസ്ക് ധരിക്കാനുമാണ് ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നത്. എന്നാൽ മാസ്കിന്റെ ദൗർലഭ്യം ഇന്ന് നമ്മൾ നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഈ സമയത്ത് സെൻട്രൽ ജയിലുകളിൽ അടക്കം അധികൃതരുടെ നിർദ്ദേശങ്ങളോടെ മാസ്കുകൾ തയ്യാറാക്കുന്നുണ്ട്. എന്നാൽ ഫേസ് മാസ്ക് എങ്ങനെ വീട്ടിൽത്തന്നെ നിർമ്മിക്കാമെന്ന് പറയുകയാണ് ചലച്ചിത്രതാരം ഇന്ദ്രൻസ്.
ആരോഗ്യമന്ത്രി കെ കെ ഷൈലജയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ബ്രേക്ക് ദി ചെയ്ൻ ക്യാമ്പയിന്റെ ഭാഗമായാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അല്പം തയ്യൽ അറിയാവുന്ന ആർക്കും മാസ്ക് നിർമ്മിക്കാം എന്ന് പറയുന്ന ഇന്ദ്രൻസ് ഒരു മാസ്ക് സ്റ്റിച്ച് ചെയ്ത് കാണിച്ചുതരുന്നതും വീഡിയോയിൽ ദൃശ്യമാണ്.
രോഗം ഇല്ലാത്തവർ യാത്ര ചെയ്യുമ്പോഴും മറ്റും മാസ്ക് ഉപയോഗിക്കുന്നത് നല്ലതാണ്. മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങൾ നമ്മുടെ അകത്തേക്ക് കടക്കാതെ മാസ്ക് സഹായിക്കും.