ഗ്രൗണ്ടില്ലെങ്കിലെന്താ വീട്ടിലും ആകാമല്ലോ… ലോക്ക് ഡൗണ്‍ കാലത്ത് വീട്ടിലെ മുറി കളിക്കളമാക്കി ഐഎം വിജയന്: വീഡിയോ
കൊവിഡ് 19 വ്യാപനം തടയാന്‍ ഏപ്രില്‍ 14 വരെ രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവശ്യ സേവനങ്ങള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാവുക. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കളിക്കളങ്ങളും സിനിമാ തിയേറ്ററുകളുമൊക്കെ നിശ്ചലമാണ്.
എന്നാല്‍ വീട്ടിലെ മുറിതന്നെ ഫുട്ബോള്‍ മൈതാനമാക്കി മാറ്റിയിരിക്കുകയാണ് ഫുട്ബോള്‍താരം ഐഎം വിജയന്. മകന് ആരോമലിനൊപ്പം വീട്ടിനകത്ത് ഫുട്ബോള്‍ കളിക്കുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ദിവസവും പലസമയങ്ങളില്‍ താരം ഇത്തരത്തില്‍ വീട്ടിനകത്ത് പന്തുതട്ടുന്നു. സാധാരണ ദിവസങ്ങളില്‍ തൃശ്ശൂര്‍ കോര്പറേഷന് മൈതാനത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പന്തുകളിയില്‍ സജീവമാണ് ഐഎം വിജയന്.
1987-ല്‍ കേരളാ പൊലീസിലൂടെ കളത്തിലിറങ്ങി ഫുട്ബോള്‍ രംഗത്ത് ശ്രദ്ധേയനായതാണ് ഐഎം വിജയന്. 1989-ല്‍ താരം ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. 1999 ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ ഏറ്റവും വേഗത്തില്‍ ഗോള്‍ നേടിക്കൊണ്ട് താരം ചരിത്രം കുറിച്ചു. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ക്ലബുകളില്‍ ബൂട്ടണിഞ്ഞ ഐഎം വിജയന് 2004-ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചു.