ഋഷി കപൂർ അവസാനം വെള്ളിത്തിരയിൽ എത്തിയത് ജിത്തു ജോസഫ് ചിത്രത്തിലൂടെ; അനുഭവം പങ്കുവെച്ച് സംവിധായകൻ

April 30, 2020

ബോളിവുഡ് നടൻ ഋഷി കപൂറിന്റെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടറിഞ്ഞത്. ഋഷി കപൂറിനൊപ്പമുള്ള സിനിമ അനുഭവം പങ്കുവയ്ക്കുകയാണ് മലയാള ചലച്ചിത്ര സംവിധായകൻ ജിത്തു ജോസഫ്. ജിത്തു ജോസഫ് ഒരുക്കിയ ബോളിവുഡ് ചിത്രമാണ് ബോഡി. ഋഷി കപൂറിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രവും ഇതാണ്.

‘ഋഷി കപൂറിന്റെ മരണവാർത്ത ഏറെ വേദനയോടെയാണ് കേട്ടറിഞ്ഞത്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞത് എന്റെ സ്വപ്നസാഫല്യമായിരുന്നു. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശവും ആത്മാർത്ഥയും അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞു. എന്നേക്കാൾ ഒരുപാട് മുകളിൽ ആയിരുന്നിട്ടും ഏറെ കരുതലോടെയും വിനയത്തോടെയുമാണ് അദ്ദേഹം പെരുമാറിയത്. സിനിമ ചിത്രീകരണത്തിന്റെ ഓരോ ദിവസങ്ങളും അദ്ദേഹത്തിൽ നിന്നും പുതിയ അറിവുകൾ ഞങ്ങൾ പകർത്തിയെടുക്കുകയായിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് ഒരു ഇതിഹാസതാരത്തെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്.’ ജിത്തു ജോസഫ് കുറിച്ചു.

ഋഷി കപൂർ, ഇമ്രാൻ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് ‘ബോഡി’യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

1980 കളിലെ താരമായിരുന്ന ഋഷി കപൂർ അർബുദത്തെത്തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്.