ഇത് സ്നേഹത്തിന്റെ കരുതൽ: മാസ്ക് നിർമിച്ച് നൽകി വടുതല വാത്സല്യ ഭവനിലെ കുട്ടികൾ, നന്ദി അറിയിച്ച് കളക്ടർ
കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നിരവധി സുമനസുകൾ എത്തുന്നുണ്ട്. സാമ്പത്തീക സഹായം നൽകിയും അവശ്യവസ്തുക്കൾ എത്തിച്ചുനൽകിയുമൊക്കെ പലരും വാർത്തകളിൽ ഇടംനേടുമ്പോൾ മാസ്ക് നിർമിച്ച് നൽകി ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടുകയാണ് ഒരു കൂട്ടം കുഞ്ഞുങ്ങൾ.
വടുതല വാത്സല്യ ഭവൻ അനാഥാലയത്തിലെ കുഞ്ഞുങ്ങളാണ് മാസ്ക് നിർമിച്ച് നൽകിയിരിക്കുകയാണ്. എറണാകുളം ജില്ലാ കലക്ടറാണ് ഈ വിവരം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കൊറോണ കാലത്ത് ഈ പ്രായത്തിലും എങ്ങനെ സമൂഹ സേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കുഞ്ഞുങ്ങൾ എന്ന് പറയുകയാണ് ജില്ല കളക്ടർ. അതോടൊപ്പം കൊറോണക്കാലത്തിന് ശേഷം കുടുംബവുമായി ഒരിക്കൽ ഇവരെ കാണാൻ എത്തുമെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇതിലും വലിയ സംരക്ഷണം ഇല്ല !
ഇവരുടെ സ്നേഹത്തിന് മുൻപിലാണ് നമ്മൾ തോറ്റുപോകുന്നതു.
വടുതല വാത്സല്യ ഭവൻ അനാഥാലയത്തിലെ കുഞ്ഞനുജത്തിമാർ ചേർന്ന് നിർമിച്ചു നൽകിയതാണ് ഈ മാസ്ക്. ഈ കൊറോണ കാലത്തു ഈ പ്രായത്തിലും എങ്ങനെ സമൂഹ സേവനം ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണമാണിത്. എനിക്ക് മാത്രമല്ല , നിരവധി പോലീസ് സ്റ്റേഷനുകളിലും ഇവർ മാസ്ക് നൽകിയിട്ടുണ്ട് , വില്ക്കുകയല്ല ആ സ്നേഹം ജനങ്ങളിലേക്ക് എത്തുകയാണ് . അവരുടെ മനസ് പോലെ വർണ ശബളമാണ് ഈ മാസ്കുകൾ. ഈ കൊറോണ കാലം അതിജീവിച്ചതിനു ശേഷവും കഴുകി വൃത്തിയാക്കി ഒരു നിധി പോലെ ഞാൻ ഈ മാസ്ക് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു.
ഈ സ്നേഹത്തിന്റെയും കരുതലിന്റെയും മുൻപിൽ എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല . ഈ തിരക്കൊക്കെ ഒഴിഞ്ഞു ഒരു ദിവസം കുടുംബമായി ഈ അനുജത്തിമാരോടൊപ്പം ചിലവഴിക്കാൻ ഞാൻ എത്താം എന്ന വാക്കു മാത്രം .