ന്യുമോണിയ ബാധിച്ച് മരിച്ച സഹോദരിയുടെ ഓർമയ്ക്കായി ആശുപത്രി നിർമിച്ചു; കൊവിഡ് ബാധിതർക്കായി വിട്ടുനൽകി യുവാവ്
കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി എത്തുന്ന നിരവധി ആളുകളെ നാം കാണാറുണ്ട്. ഇപ്പോഴിതാ സ്വന്തം സഹോദരിയുടെ ഓർമയ്ക്കായി നിർമിച്ച ആശുപത്രി കൊവിഡ് രോഗികൾക്കായി വിട്ടുനൽകാൻ തയാറായ ഒരു യുവാവാണ് സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ കവരുന്നത്.
കൊൽക്കത്തയിലെ ടാക്സി ഡ്രൈവറായ സെയ്തുല്‍ ലസ്കര്‍ എന്ന യുവാവാണ് സ്വന്തം ആശുപത്രി കൊറോണ വൈറസ് ബാധിതർക്കായി വിട്ടുനൽകാൻ തയാറായത്. ഇത് സംബന്ധിച്ച് വിവരം ജില്ലാ കളക്ടറെയാണ് സെയ്തുൽ അറിയിച്ചത്. ഇത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും കളക്ടർ വാക്കുനല്കി.
2004-ലാണ് സെയ്തുൽ ലസ്കറിന്റെ സഹോദരിയായ മറുഫ ന്യുമോണിയ ബാധിച്ച് മരിച്ചത്. സഹോദരിയുടെ ഓർമയ്ക്കായി തന്റെ വാഹനങ്ങളും സ്വത്തുക്കളും വിറ്റാണ് അദ്ദേഹം ആശുപത്രി നിർമിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് സെയ്തുല്‍ ലസ്കറിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.