‘ഇതുപോലെ വീട്ടിലിരുന്ന് സൂപ്പർഹീറോസ് ആകാം’- താരങ്ങൾ ഒരു കാൻവാസിൽ ഒന്നിച്ച ചിത്രവുമായി കുഞ്ചാക്കോ ബോബൻ

കൊവിഡ്-19 പശ്ചാത്തലത്തിൽ ശക്തമായ ബോധവത്കരണങ്ങൾ ജനങ്ങൾക്കിടയിൽ നടക്കുന്നുണ്ട്. കേരളം പോലീസും, സിനിമ താരങ്ങളും ഈ ബോധവത്കരണ പരിപാടികളിൽ മുൻപന്തിയിലുണ്ട്. കൊറോണ വ്യാപനത്തിന്റെ തുടക്കം മുതൽ പ്രയോജനകരമായ പോസ്റ്റുകൾ നടൻ കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരുന്നു. ഇപ്പോൾ വ്യത്യസ്തമായ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.
മുൻനിര സിനിമ നടന്മാരെല്ലാം ചേർന്നുള്ള ഒരു ചിത്രം പങ്കുവെച്ചാണ് കുഞ്ചാക്കോ ബോബൻ നിർദേശങ്ങൾ നൽകുന്നത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെയെല്ലാം ചിത്രകാരൻ ഒന്നിച്ച് ഒരു കാൻവാസിൽ എത്തിച്ചിരിക്കുന്നു.
‘വീട്ടിലിരിക്കൂ, ലോകത്തെ രക്ഷിക്കൂ..സൂപ്പർ ഹീറോയാകൂ’ എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത്. ചിത്രത്തിൽ ഉള്ള താരങ്ങളെല്ലാം ഈ ചിത്രം പങ്കുവെച്ചിട്ടുമുണ്ട്. വ്യത്യസ്തമായ ആശയങ്ങളിലൂടെയാണ് ഇപ്പോൾ കൊറോണ വ്യാപനത്തിന് എതിരായി ബോധവത്കരണങ്ങൾ നടക്കുന്നത്.