അതിര്‍ത്തികളില്‍ പരിശോധന, കോട്ടയം ഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം
മഹാമാരിയായ കൊവിഡ് 19 നെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഗ്രീന്‍ സോണിലായിരിക്കും കോട്ടയം, ഇടുക്കി എന്നീ ജില്ലകള്‍. ഏപ്രില്‍ 21 ചൊവ്വാഴ്ച മുതല്‍ ഈ ജില്ലകള്‍ സജീവമാകും. രണ്ട് ജില്ലകളിലെയും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഇളവുകളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കു അന്തിമ രൂപമായത്.
രണ്ട് ജില്ലകളിലെയും എല്ലാ വ്യാപാര സ്ഥാപനങ്ങളും ചൊവ്വാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പുറത്ത് ഇറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായി ധരിച്ചിരിക്കണം. ജില്ലകള്‍ക്കുള്ളിലെ യാത്രയ്ക്ക് പാസോ, സത്യവാങ്മൂലമോ ആവശ്യമില്ല. എന്നാല്‍ നിയന്ത്രണങ്ങളോടെയായിരിക്കും വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. പരീക്ഷണാടിസ്ഥാനത്തിലാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ കൂട്ടത്തോടെ പുറത്ത് ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇളവുകള്‍ വെട്ടിച്ചുരുക്കും.
രണ്ട് ജില്ലകളുടെയും അതിര്‍ത്തികളില്‍ കര്‍ശന പരിശോധനകള്‍ ഉണ്ടായിരിക്കും. ഇടുക്കി, കോട്ടയം ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. അതേസമയം ഹോട്ട് സ്‌പോട്ട് ജില്ലകളില്‍ നിന്നെത്തുന്നവര്‍ക്ക് ഗ്രീന്‍ സോണ്‍ ജില്ലകളില്‍ 14 ദിവസത്തെ ക്വാറന്റീന്‍ ഉണ്ടായിരിക്കും.