ലോക്ക് ഡൗൺ കാലത്ത് വെറുതെ സമയം കളയാനില്ല; കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന തിരക്കിലാണ് ശിൽപയും ശീതളും
നിനച്ചിരിക്കാതെ ഇത്തവണ വേനൽ അവധി നേരത്തെ എത്തി… പക്ഷെ ലോക്ക് ഡൗൺ ആയതിനാൽ അവധിക്കാലത്ത് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ ഒരു മാർഗവുമില്ല… നല്ലൊരു അവധിക്കാലം വീട്ടിൽ വെറുതെയിരുന്ന് കളയണോ…? ഇതിനുത്തരം പറയുകയാണ് കണ്ണൂർ ജില്ലയിലെ ഏഴിലോട് സ്വദേശികളായ ഈ ഇരട്ട സഹോദരിമാർ.
പ്ലസ് വൺ വിദ്യാർത്ഥികളായ ശിൽപയും ശീതളുമാണ് (അന്നു-മിന്നു) അവധിക്കാലത്ത് വീടൂനിറയെ കരകൗശല വസ്തുക്കൾ ഉണ്ടാക്കിവയ്ക്കുന്നത്. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന പാഴ്വവസ്തുക്കളിൽ നിന്നുമാണ് ഇരുവരും മനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കിവെച്ചിരിക്കുന്നത് എന്നതാണ് കൂടുതൽ ആകർഷണീയം. പേപ്പർ, തുണിക്കഷ്ണങ്ങൾ, ഈർക്കിൽ, പ്ലാസ്റ്റിക് കുപ്പികൾ, മുട്ടത്തോട് എന്നിവയൊക്കെ ഉപയോഗിച്ചാണ് ഇവർ വസ്തുക്കൾ ഉണ്ടാക്കുന്നത്. എന്തായാലും കൊറോണക്കാലത്ത് വെറുതെ സമയം കളയാതെ കരകൗശല വസ്തുക്കൾ ഉണ്ടാക്കി സമൂഹമാധ്യമങ്ങളുടെ മുഴുവൻ ശ്രദ്ധ ആകര്ഷിക്കുകയാണ് ഈ കൊച്ചുമിടുക്കിമാർ.
‘ഒരുപോലെ വസ്ത്രങ്ങൾ ധരിക്കാനും ഒരുപോലെ നടക്കാനും ആഗ്രഹിക്കുന്ന ഈ കൊച്ചുമിടുക്കിമാർ തങ്ങളുടെ വിനോദസമയങ്ങളും ഒരുപോലെ ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നത്. ചെറുപ്പം മുതലേ ഇങ്ങനെ എന്തെങ്കിലുമൊക്കെ ഇവർ ഉണ്ടാക്കാറുണ്ട്, ഒരാൾ ചെയ്താൽ അതിനേക്കാൾ മനോഹരമായി രണ്ടാമത്തെയാൾ മറ്റൊരെണ്ണം ഉണ്ടാക്കും’ എന്നും ഇവരുടെ മാതാവ് സ്മിത പറഞ്ഞു.
വിനു- സ്മിത ദമ്പതിമാരുടെ മക്കളാണ് ശിൽപയും ശീതളും. അച്ഛനും അമ്മയ്ക്കും പുറമെ സഹോദരങ്ങളായ റോണും ഡോണും തങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ടെന്നും ഈ ഇരട്ട സഹോദരിമാർ പറയുന്നുണ്ട്. പഠനത്തിലും ഏറെ മികവ് പുലർത്തുന്ന ഇരുവർക്കും ഭാവിയിൽ ലോകത്തിന് മുഴുവൻ സേവനം ചെയ്യുന്ന നേഴ്സുമാരായി തീരണമെന്നാണ് ആഗ്രഹമെന്നും ശിൽപയും ശീതളും ഫ്ളവേഴ്സ് ഓൺലൈനോട് പറഞ്ഞു.