ലോറിയെ സ്വിമ്മിങ് പൂളാക്കി കുരുന്നുകൾ; ലോക്ക് ഡൗൺ അപാരതയെന്ന് സോഷ്യൽ മീഡിയ
April 6, 2020
കേരളം കനത്ത ചൂടിൽ ചുട്ടുപൊള്ളുകയാണ്. ചിലയിടങ്ങളിൽ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കുറവൊന്നുമില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ് ഒരു താത്കാലിക സ്വിമ്മിങ് പൂൾ. ലോക്ക് ഡൗണിനെ തുടർന്ന് ഓട്ടം ഇല്ലാതായതോടെ വീട്ടുമുറ്റത്ത് ഒതുക്കിയിട്ട ലോറിയിലാണ് പുതിയ സ്വിമ്മിങ് പൂൾ ഒരുക്കിയിരിക്കുന്നത്.
ലോറിയുടെ പിറകിലെ ലോഡ് സ്പേസിൽ പടുതാ വിരിച്ച് അതിൽ വെള്ളം നിറച്ചാണ് സ്വിമ്മിങ് പൂൾ ഒരുക്കിയിരിക്കുന്നത്. ഇതിൽ കുട്ടികൾ കുളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോകണ്ട്, ഇത് കനത്ത ചൂടിൽ ആശ്വാസം പകരും എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ലോറികൊണ്ട് ഇങ്ങനെ ഒരു ഉപയോഗം കൂടി ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല എന്ന് രസകരമായി പറയുന്നവരും നിരവധിയാണ്.