ലോക്ക് ഡൗണിൽ ലക്ഷദ്വീപിൽ കുടുങ്ങി; ബോറടിമാറ്റാൻ മീൻ വിഭവങ്ങൾ തയാറാക്കി യുവാവ്
ലക്ഷദ്വീപിന്റെ സുന്ദരമായ കാഴ്ച കാണാൻ എത്തിയതാണ് പുനലൂർ സ്വദേശിയായ അജിനാസ് എന്ന മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരി. കഴിഞ്ഞ ഫെബ്രുവരി 29 നാണ് അജിനാസ് ലക്ഷദ്വീപിൽ എത്തുന്നത്. 15 ദിവസത്തേക്കായിരുന്നു അവിടെ കഴിയാൻ അനുമതി. പിന്നീടത് 12 ദിവസത്തേക്ക് കൂടി നീട്ടി.
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അജിനാസിന് നാട്ടിലേക്ക് മടങ്ങാനാവാതായി. എന്ത് ചെയ്യണമെന്ന് ആലോചിച്ച് ആദ്യം വിഷമിച്ചെങ്കിലും പിന്നീട് ബോറടിമാറ്റാൻ പാചകവും മീൻ പിടുത്തവുമൊക്കയായി ലക്ഷദ്വീപിലെ ജീവിതം ആസ്വദിക്കുകയാണ് അജിനാസ്.
മീൻ കൊണ്ടുള്ള വിഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ അജിനാസ് ഏറെ ശ്രദ്ധനേടുകയായിരുന്നു. ലക്ഷദ്വീപുകാരുടെ സ്പെഷ്യൽ വിഭവങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ നല്ല ഡിമാന്റാണ് ലഭിക്കുന്നത്. ദിവസവും വ്യത്യസ്ത വിഭവങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവയ്ക്കുന്ന അജിനാസിന് ഇപ്പോൾ ഇരുപതിനായിരത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്.