താഴ്‌വരയിലൂടെ തനിയെ ചലിച്ച് നീങ്ങുന്ന കല്ലുകൾ; രഹസ്യം വെളിപ്പെടുത്തി നാസ

April 17, 2020

താഴ്‌വരയിലൂടെ തനിയെ ചലിക്കുന്ന പാറക്കല്ലുകൾ…ലോകത്തിന് മുഴുവൻ അത്ഭുതമായ ഈ പ്രതിഭാസത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ.

അമേരിക്കയിലെ ഡെത്ത് വാലിയിലെ റെയ്‌സ്ട്രാക് പ്ലേയ എന്ന വരണ്ട തടാകത്തിലാണ് യാതൊരു പരസഹായവുമില്ലാതെ കല്ലുകൾ ചലിക്കുന്നതായി കണ്ടുതുടങ്ങിയത്. വർഷങ്ങളായി ഈ പ്രതിഭാസം ഇവിടെ കണ്ടുവരുന്നുണ്ട്. ഇതിന്റെ പിന്നിലെ രഹസ്യം തിരഞ്ഞ് നിരവധി ശാസ്ത്രജ്ഞരും എത്തിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് ഇതിന്റെ പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുന്നത്.

36 കിലോഗ്രാം വരെ ഭാരമുള്ള കല്ലുകളാണ് ഈ താഴ്‌വാരത്തിലൂടെ ചലിക്കുന്നത്. പരമാവധി 800 മീറ്റര്‍ വരെ കല്ലുകൾ യാതൊരു സഹായവുമില്ലാതെ നീങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ട്. മിനിറ്റിൽ അഞ്ച് മീറ്റർ വരെ ഇത് ചലിച്ച് നീങ്ങിയതായും കണ്ടെത്തി.

മഞ്ഞുകാലത്ത് ഈ താഴ്വാരത്തിൽ കിടക്കുന്ന കല്ലുകളിൽ നേരിയ മഞ്ഞുപാളികൾ രൂപപ്പെടും. തടാകത്തിന്റെ അടിത്തട്ടിലും മഞ്ഞുപാളികൾ പ്രത്യക്ഷമാകും. ഈ സമയത്ത് ഇവിടെ വീശുന്ന കാറ്റിന്റെ സഹായത്താൽ പ്രതലത്തിലെ മഞ്ഞുപാളികളിലൂടെ കല്ലുകൾ നിരങ്ങി നീങ്ങുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്നാണ് നാസ വെളിപ്പെടുത്തുന്നത്. സൂര്യൻ ഉദിച്ച് ചൂട് വർധിക്കുന്നതോടെ കല്ലുകളുടെ ചലനം ഇല്ലാതാകും.