ഒന്നിടവിട്ട സീറ്റുകള്‍, പിന്നെ മാസ്‌കും ഗ്ലൗസും സാനിറ്റൈസറും; വിമാന യാത്രയിലെ മാറ്റങ്ങള്‍

April 14, 2020

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണിന് ശേഷവും വിമാന യാത്രകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുന്നു. ആഭ്യന്തര വ്യോമഗതാഗതം രാജ്യത്ത് പുനഃരാരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്. ഇതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്.

നിര്‍ദ്ദേശം അനുസരിച്ച് വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്യണം. മാസ്‌ക്, ഗ്ലൗസ് എന്നിവയും യാത്രക്കാര്‍ കരുതണം. കൈകള്‍ ശുചിയാക്കുന്നതിന് ആവശ്യമായ സാനിറ്റൈസര്‍ ഓരോ ഗേറ്റിന്റെ അരികിലും ഉണ്ടാകും. എല്ലാ വിമാനങ്ങളിലും ഒന്നിടവിട്ട സീറ്റുകളിലായിരിക്കും ഇരിക്കാന്‍ അനുവദിക്കുക. ഈ നിര്‍ദ്ദേശങ്ങളെല്ലാം വ്യോമയാന മന്ത്രാലയത്തിന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് സമര്‍പ്പിച്ചിട്ടുണ്ട്.

ഇതിനുപുറമെ, യാത്രക്കാരില്‍ നിന്നും ക്വാറന്റീന്‍ ഹിസ്റ്ററി അന്വേഷിച്ചറിയുകയും വേണം. ക്വാറന്റീന്‍ ഹിസ്റ്ററി ഉള്ളവരെ പ്രത്യേക ചെക്കിങ് പോയിന്റുകളിലാവും സ്‌ക്രീന്‍ ചെയ്യുക. നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളത്തിലെ ബസ്സിലെ സീറ്റുകളിലും പ്രത്യേക ക്രമീകരണം നടത്തിയിട്ടുണ്ട്. അതേസമയം രാജ്യത്ത് ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടി.