അന്ന് വീട്ടിലിരുന്നു, ഇന്ന് നാടിനായി പൊലീസ് യൂണിഫോമിൽ; വൈറലായി താരങ്ങളുടെ ചിത്രം
കൊവിഡ്-19 പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ശരിയായ ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ആളുകളാണ് വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണ ചിത്രങ്ങളും വീഡിയോകളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമ താരങ്ങളും ഈ ബോധവത്കരണ പരിപാടികളിൽ മുൻപന്തിയിലുണ്ട്.
മുൻനിര സിനിമ നടന്മാരെല്ലാം ചേർന്നുള്ള ഒരു ചിത്രം നടൻ കുഞ്ചോക്കോ ബോബൻ നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെയെല്ലാം ചിത്രകാരൻ ഒന്നിച്ച് ഒരു കാൻവാസിൽ എത്തിച്ചിരിക്കുന്നു. ‘നിങ്ങളുടെ താരങ്ങളെല്ലാം ഇപ്പോള്‍ വീട്ടിലിരിക്കുകയാണെന്നും ഈ നായകന്മാരെപ്പോലെ നിങ്ങളും വീട്ടിലിരിക്കൂവെന്നും സൂപ്പര്ഹീറോകളാവൂ’ എന്നുമാണ് ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത്.
ഇപ്പോഴിതാ പൊലീസ് വേഷത്തിൽ എത്തുന്ന താരങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടൻ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഈ ചിത്രവും പങ്കുവെച്ചത്.