വിവാഹം ഓൺലൈനായി; അതിഥികളായി നൂറിലധികം ആളുകൾ, വീഡിയോ
ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്നതുകൊണ്ടാവാം വിവാഹം ഏറ്റവും മനോഹരമാക്കാൻ എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ കൊവിഡ് വിതച്ച ഭീതിയിൽ നിരവധി വിവാഹങ്ങളാണ് മാറ്റിവെച്ചത്. ഓണലൈനായി നൂറിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ മലപ്പുറം വേങ്ങര സ്വദേശികളായ വരനും വധുവുമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഫിറോസും മാഫീദയുമാണ് ഇത്തരത്തിൽ വിവാഹിതരായത്. ഏറ്റവും അടുത്ത ആറുപേർക്കും ഓൺലൈനിൽ എത്തിയ നൂറിലധികം ആളുകൾക്കുമൊപ്പമാണ് ഇരുവരും വിവാഹിതരായത്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം ബന്ധുമിത്രാദികളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ ആകണമെന്ന ആഗ്രഹം നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും.
വിവാഹം ഉറപ്പിച്ച് ഓഡിറ്റോറിയം അടക്കം ബുക്ക് ചെയ്ത ശേഷമാണ് കൊറോണ വൈറസിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ ആശങ്കയിലായ കുടുംബം പുതിയ ആശയം സ്വീകരിക്കുകയായിരുന്നു.