സിനിമാ സീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു
പ്രശസ്ത സിനിമാ-സീരിയല്‍ താരം രവി വള്ളത്തോള്‍ അന്തരിച്ചു. 67 വയസ്സായിരുന്നു പ്രായം. അസുഖത്തെ തുടര്‍ന്ന് നാളുകളായി അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
1987- ല്‍ പുറത്തിറങ്ങിയ സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെയാണ് രവി വള്ളത്തോള്‍ സിനിമാഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും വേറിട്ട കഥാപാത്രങ്ങള്‍ക്ക് താരം ജീവന്‍ പകര്‍ന്നു.
അഭിനയത്തിന് പുറമെ എഴുത്തിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് രവി വള്ളത്തോള്‍. ഇരപത്തിയഞ്ചോളം ചെറുകഥകള്‍ എഴുതി. മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ് രവി വള്ളത്തോള്‍. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.
ചലച്ചിത്ര അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നതിനു മുന്‍പേ ഗാനരചനയിലൂടെ സിനിമാലോകത്ത് എത്തിയതാണ് രവി വള്ളത്തോള്‍. 1976-ല്‍ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി ഗാനം എഴുതിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചലച്ചിത്ര പ്രവേശനം. 1986-ല്‍ പുറത്തിറങ്ങിയ രേവതിക്കൊരു പാവക്കുട്ടിയുടെ കഥയെഴുതിയതും രവി വള്ളത്തോള്‍ ആയിരുന്നു.
മതിലുകള്‍, കോട്ടയം കഞ്ഞച്ചന്‍, ഗോഡ്ഫാദര്‍, വിഷ്ണുലോകം, സര്‍ഗം, കമ്മീഷണര്‍ തുടങ്ങി അന്‍പതോളം സിനിമകളില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ രവി വള്ളത്തോള്‍ അനശ്വരമാക്കി. 1986-ല്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത വൈതരണി എന്ന സീരിയലിലാണ് അദ്ദേഹം ആദ്യം അഭിനയിച്ചത്. നൂറോളം സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.