‘ഈ സമയത്ത് മനുഷ്യത്വമാണ് ഏതൊരാൾക്കും വേണ്ടത്’- ഫ്ലാറ്റിൽ നിന്നും ഇറക്കി വിട്ട തമിഴ് യുവതിക്ക് താങ്ങായത് നടൻ റോണി ഡേവിഡ്
ഗർഭിണിയായ തമിഴ് യുവതിയെ കൊവിഡ് എന്ന് ആരോപിച്ച് ഫ്ലാറ്റിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചത് മാധ്യമങ്ങളിൽ വാർത്ത ആയിരുന്നു. അവർ കൊവിഡ് ഇല്ല എന്ന സർട്ടിഫിക്കറ്റ് കാണിച്ചിട്ടും ഇത്തരത്തിലൊരു ദുരവസ്ഥ നേരിടേണ്ടി വന്നു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ വാർത്തക്കൊപ്പം ശ്രദ്ധേയനാകുകയാണ് നടൻ റോണി ഡേവിഡ്.
ഈ സംഭവത്തിൽ ഇടപെട്ട് തമിഴ് യുവതിക്കും കുടുംബത്തിനും വേണ്ടി സംസാരിച്ചത് റോണി ഡേവിഡ് ആണ്. സംഭവം മാധ്യമങ്ങളിൽ അറിയിച്ച് കളക്ടർ, എം എൽ എ, മന്ത്രിമാർ ഇവരുടെയൊക്കെ ശ്രദ്ധയിൽപെടുത്താൻ റോണിക്ക് സാധിച്ചു.
‘ഈ സമയത്ത് മനുഷ്യത്വമാണ് ഏതൊരാൾക്കും വേണ്ടത്. അതിൽ തമിഴൻ എന്നോ, തെലുങ്കൻ എന്നോ മലയാളി എന്നോ ഇല്ല’ എന്നാണ് റോണി ഡേവിഡ് പ്രതികരിച്ചതും.
ഈ കൊവിഡ് കാലത്ത് പലവിധത്തിലുള്ള സഹായങ്ങളും കാരുണ്യപ്രവർത്തനങ്ങൾകൊണ്ടും സിനിമ പ്രവർത്തകരും അംഗീകരിക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.