‘വിശപ്പിനോളം മനുഷ്യർ അറിഞ്ഞനുഭവിക്കുന്ന മറ്റൊന്നുമുണ്ടാവില്ല’; ഹൃദയംപൊള്ളുന്ന അനുഭവം പങ്കുവെച്ച് പൊലീസുകാരൻ
‘കൊറോണക്കാലം- വിശപ്പിന് മുന്നിൽ വെറും കടലാസ് കക്ഷങ്ങളുടെ മാത്രം വിലയുള്ള വസ്തുക്കളായി പണം മാറിയ നിമിഷങ്ങൾ. വിശപ്പിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞ ദിവസങ്ങൾ’. ഇപ്പോഴിതാ ലോക്ക് ഡൗൺ ദിവസങ്ങളിലെ ഹൃദയംപൊള്ളിക്കുന്ന അനുഭവങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് സുനിൽ ജലീൽ എന്ന പൊലീസ് ഓഫീസർ.
സുനിൽ ജലീലിന്റെ കുറിപ്പ് വായിക്കാം…
അവസാനത്തെ പേരുകാർ…
ഒരുപാട് നിസ്സഹായതകളോടെയാണ് ഈ കെട്ടകാലത്തിലൂടെ നാമെല്ലാം കടന്നുപോകുന്നത്. വാക്കുകൾ കൊണ്ടല്ലാതെ കൈനീട്ടി തൊടാനോ ആശ്ലേഷിക്കാനോ കഴിയാതെ പോകുന്ന ക്രൂരമായ കാലം.
ലോക് ഡൗൺ തുടങ്ങിയ ദിവസങ്ങളിലൊന്നിൽ കൂട്ടുകാരിയാണ് ചോദിച്ചത് അവരുടെ സുഹൃത്തിന് അൽപം സാധനങ്ങൾ എത്തിച്ചുകൊടുക്കാമോയെന്ന്. അവരുടെ മകൻ വിദേശത്തുനിന്നെത്തിയതാണ്. അസുഖമൊന്നുമില്ലെങ്കിലും ക്വാറന്റൈനിലാണയാൾ. പുറത്തിറങ്ങാനാവുന്നില്ല.
മറ്റു ഫ്ലാറ്റിലുള്ളവർ ഒറ്റപ്പെടുത്തിയ മട്ടാണ്. ആവശ്യത്തിലധികം പണം കയ്യിലുണ്ടായിട്ടും വിശപ്പടക്കാൻ ഒന്നുമില്ലാത്ത അവസ്ഥ.
ഞാൻ ഫോൺ ചെയ്തപ്പോൾ ഏതാനും സാധനങ്ങളുടെ ലിസ്റ്റ് അവർ അയച്ചുതന്നു. ഒരു ഗ്ലാസ് പാൽച്ചായ കുടിക്കുകയായിരുന്നു അവരുടെ ഏറ്റവും ആഡംബരമായ ആഗ്രഹം.
സഹായം ചോദിക്കുന്നതിലെ ലജ്ജ മൂലമാവാം അവർ തന്ന ലിസ്റ്റ് തീരെ ചെറുതായിരുന്നു. ഒരു വീട്ടിലേക്ക് നാലഞ്ചു ദിവസത്തേക്ക് അവശ്യം വേണ്ടതെല്ലാം ആലോചിച്ച് വാങ്ങി ആ സഞ്ചികൾ എത്തിച്ചു കൊടുക്കുമ്പോൾ എന്നോ ആരോ കുറിച്ചിട്ട ഏതോ കടം വീട്ടുകയാണ് ഞാൻ എന്നേ എനിക്ക് തോന്നിയുള്ളൂ.
മഹാസത്യങ്ങളിൽ വിശപ്പിനോളം മനുഷ്യർ അറിഞ്ഞനുഭവിക്കുന്ന മറ്റൊന്നുമുണ്ടാവില്ല. ഓരോ നേരവും മുന്നിലെത്തുന്ന വിഭവം ആഹരിക്കാൻ പ്രേരിപ്പിക്കുന്ന വിശപ്പിനെ കുറിച്ചല്ല പറഞ്ഞത്. കഴിക്കാൻ ഒന്നുമില്ലെന്നയറിവിൽ പ്രാണനെ കടിച്ചുകുടയുന്ന, മെരുക്കാനാവാത്ത ആ വന്യമൃഗത്തെയാണ് കുറിക്കുന്നത്.
എത്ര കൊടിയ ഭ്രാന്തിനെയുമുന്മാദത്തെയും ബോധത്തിന്റെ മാത്രകളിലേക്ക് ചേർത്തുകെട്ടുന്ന പൊട്ടാച്ചരടാണത്. പറഞ്ഞാലും തീരാത്തത്ര കഥകളിൽ നിന്നും കാലഭേദമില്ലാതെ ഏതു ദേശത്തേക്കും പടർന്നിറങ്ങുന്ന വേരാണ് വിശപ്പ്.
അർധരാത്രിയിൽ കൊളുത്തിട്ടു വലിക്കുന്ന വിശപ്പുമായി എറണാകുളത്തെ ജോലി കഴിഞ്ഞ് ഇടപ്പള്ളിയിലെ വീടുവരെ സൈക്കിൾ ചവിട്ടി പോയിരുന്ന ഒരുവനെ ഞാനിന്നും മറന്നിട്ടില്ല. സഹപാഠിയായിരുന്ന, കൂടെയുള്ള ഫൈസൽ ജോലി കഴിഞ്ഞാലും പലപ്പോഴും കാത്തുനിൽക്കും. എനിക്കൊപ്പം വന്ന് നോർത്തിലോ കലൂരോ ഉള്ള തട്ടുകടകളിൽ നിന്ന് രണ്ടപ്പമെങ്കിലും വാങ്ങിത്തന്നിട്ടേ അവനുറങ്ങാൻ പോകാറുള്ളൂ.
അവന് കമ്പനിയ്ക്ക് വേണ്ടിയാണെന്നാണ് അവന്റെ പറച്ചിലെങ്കിലും ഒരിക്കലും എന്റെ കയ്യിൽ പണമുണ്ടാകില്ലെന്ന് അവനറിയാം. വീട്ടാനാകാത്ത കടങ്ങളുടെ പറ്റുപുസ്തകത്തിലെ ആദ്യത്തെ താളിൽ നിന്റെ പേര് ഞാനെഴുതിയിട്ടുണ്ട്…. അളിയാ… ഉമ്മകൾ.
ഇപ്പോൾ സ്റ്റേഷനിൽ നിന്ന് മൂന്നുനേരവും യാത്രയാവുന്ന ജീപ്പുകളിൽ നിറച്ച ആഹാരപ്പൊതികളെ കാത്തിരിക്കുന്നത് നൂറുകണക്കായ കൈകളാണ്. ഡ്യൂട്ടിയുള്ള ദിവസങ്ങളിൽ രാത്രിയിൽ രണ്ട് പൊതികൾ ഞാനെടുത്തു സ്റ്റേഷനിൽ വെയ്ക്കാറുണ്ട്. ആരോ അത് തേടി വരാനുണ്ട്… അതിലവരുടെ പേരെഴുതിയിട്ടുണ്ട്…. എനിക്കറിയാം.
സ്റ്റേഷനിൽ എടുത്തുവെയ്ക്കുന്ന പൊതികൾക്ക് ഇതുവരെ അവകാശികളില്ലാതെ പോയിട്ടില്ല. പട്രോളിംഗ് ജീപ്പിന് കൈകാണിച്ചാണ് ഒരു തവണ ആരോ ഭക്ഷണം കിട്ടുമോയെന്ന് ചോദിച്ചറിഞ്ഞ് വന്ന് വാങ്ങിയത്.
അടുത്ത രാത്രിയിലാണ് അയാൾ വന്നത്. എന്തൊരവസ്ഥയാണ് മനുഷ്യരുടേത്.
അയാളുടെ ഭാര്യയെ ബ്ലീഡിംഗ് ആയി അഡ്മിറ്റ് ചെയ്തതാണ്. നാളെ സർജറി നടത്തണം. നാളേക്ക് ഒന്നും കഴിക്കാനാവില്ല. അതിനാൽ ഈ രാത്രി തന്നെ എന്തെങ്കിലും ഭക്ഷണം കൊടുക്കാൻ ഡോക്ടർ നിർദേശിച്ചിട്ടുണ്ട്. കയ്യിൽ പണമുണ്ടായിട്ടും എറണാകുളത്തെ വിജനമായ വഴികൾ മുഴുവൻ അലഞ്ഞിട്ടും നാടടച്ചിടപ്പെട്ട ആ വൈകിയ രാത്രിയിൽ അവൾക്ക് നൽകാൻ അയാൾക്ക് ഒന്നും ലഭിച്ചില്ല.
സ്വയം ശപിച്ച് അവൻ നിൽക്കുകയാവണം. അന്നേരമാണ് പോലീസ് ജീപ്പ് അവിടേക്ക് കയറിച്ചെല്ലുന്നത്. അതിൽ ആഹാരം തീർന്നിരുന്നു. ഡ്രൈവർ എന്നെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ ആളെ അയക്കാൻ ഞാൻ മറുപടി പറഞ്ഞു.
അഞ്ചുമിനിറ്റിനകം ആളെത്തി. ദൈന്യവും ലജ്ജയും നിഴലിടുന്ന മുഖം. അവനും വിശക്കുന്നുണ്ട്… എനിക്കറിയാം.
“ഭാര്യക്ക് ഒരു പൊതി കിട്ടിയാൽ മതി സാർ..”
അവന്റെ വാക്കുകൾ ചിതറുന്നുണ്ട്.
” താൻ വല്ലതും കഴിച്ചോ..?”
“എനിക്ക് വിശപ്പില്ല സാറേ. അവൾ വിശന്നിട്ടും മിണ്ടാതെ കിടക്കുകയാണ്. അതാണ് സഹിക്കാത്തത്.”
വിശന്നിട്ട് അവനും പറയാതിരിക്കുകയാണ്. അതെത്ര മറച്ചാലും എനിക്കറിയാം.
ഞാൻ അവരുടെ പേരെഴുതപ്പെട്ടിരുന്ന അവസാനത്തെ ആ രണ്ട് പൊതികൾ അവനെ ഏൽപിച്ചു. ഒരു കുപ്പിവെള്ളവും.
” നിങ്ങൾ ഒരുമിച്ചിരുന്ന് കഴിക്കണം. നിനക്ക് നാളെ ഒരുപാട് ഓടാനുള്ളതാണ്. രാവിലെ ആഹാരം കിട്ടിയില്ലെങ്കിൽ എന്നെ വിളിക്കണം.”
നന്ദി പറയുന്ന അവന്റെ കണ്ണിൽ എന്തോ തിളങ്ങുന്നുണ്ട്. തീർച്ചയായും അതെനിക്കുള്ളതല്ല. കടങ്ങളുടെ ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് ഞാൻ…. അവൻ അടുത്ത കണ്ണിയും.