നാല് ജില്ലകളിൽ ഇന്നും നാളെയും താപതരംഗ സാധ്യത; മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും
April 3, 2020
കേരളത്തിൽ താപനില ഉയർന്നുകൊണ്ടിരിക്കുകയാണ്. ഏപ്രിൽ നാലുവരെ അതീവ ചൂടിന് പുറമെ ഇന്നും നാളെയും താപതരംഗ സാധ്യത ഉണ്ടെന്നുമാണ് കാലാവസ്ഥ കേന്ദ്രം അറിയിക്കുന്നത്.
ചൂട് പതിവിലും മൂന്നു മുതൽ നാലു ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ട്. തൃശൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് താപതരംഗ സാധ്യത.
കേരളത്തിലെ മിക്ക ജില്ലകളിലും 38 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്. തൃശൂർ വെള്ളാനിക്കരയിൽ വ്യാഴാഴ്ച മാത്രം 40 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്.
എന്നാൽ ഏപ്രിൽ നാലിന് ശേഷം ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്. ഇടിയും മിന്നലുമുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.