സ്‌നേഹം പങ്കുവെച്ച് ഒറാങ് ഉട്ടാനും നീർനായയും; ഒരു കൗതുക ചിത്രം
മനുഷ്യൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത ദുരിതങ്ങളിലൂടെയാണ് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമപ്പുറം കരുണയ്ക്കും സ്നേഹത്തിനും സ്ഥാനമുണ്ടെന്ന് തിരിച്ചറിയുന്ന ദിവസങ്ങൾ. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു. നിരവധിപ്പേരുടെ മരണത്തിന് കാരണമായ വൈറസ് ലോകത്തിന് മുഴുവൻ ഭീഷണിയായിക്കഴിഞ്ഞു.
തിരക്കുനിറഞ്ഞ ജീവിതത്തിൽനിന്നും അടച്ചിട്ട മുറികളിലേക്ക് ഒതുങ്ങുമ്പോൾ, സ്നേഹത്തിനും കാരുണ്യത്തിനും മാത്രമേ ഇനി നമുക്ക് മുൻപിൽ സ്ഥാനമുള്ളൂവെന്ന് മനുഷ്യൻ തിരിച്ചറിഞ്ഞു. സ്നേഹം പങ്കുവെയ്ക്കുന്ന ഏതൊരു കാഴ്ചയും മനുഷ്യന്റെ കണ്ണിനും മനസിനും ഒരുപോലെ ആശ്വാസം പകരും. ഇപ്പോഴിതാ ഏറെ സ്നേഹം പങ്കുവെയ്ക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
ബെൽജിയത്തിലെ ഡൊമെയ്ൻ ഡു ക്യാമ്പ്രാണിലുള്ള പൈറി ഡെയ്‌സ മൃഗശാലയിൽ നിന്നുള്ളതാണ് മനോഹരമായ ഈ ചിത്രം. ഒറാങ് ഉട്ടാനൊപ്പം സ്നേഹം പങ്കുവെയ്ക്കുന്ന ഒരു നീർനായയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഏറെ കൗതുകം നിറയ്ക്കുന്നത്.
ഒറാങ് ഉട്ടാൻ കുടുംബത്തെ പാർപ്പിച്ചിരിക്കുന്നതിനു സമീപത്തുകൂടി ഒഴുകുന്ന നദിയിലാണ് നീർനായകളുടെ താമസം. മൃഗശാല അധികൃതരാണ് ഇവയെ ഒന്നിച്ച് താമസിപ്പിച്ചത്. ഒന്നിച്ച് കളിക്കുകയും താമസിക്കുകയുമൊക്കെ ചെയ്തതോടെ ഇവ തമ്മിലുള്ള ആത്മബന്ധം ആഴത്തിലായി എന്നാണ് അധികൃതരും പറയുന്നത്. ഇത് ഇവയുടെ ഓരോ ദിവസത്തെയും കൂടുതൽ മനോഹരമാക്കുന്നുവെന്നാണ് ഈ ചിത്രങ്ങൾ പറയുന്നത്.