‘കൊറോണക്കാലത്ത് പാദങ്ങള്‍ ചുംബിയ്ക്കുന്ന മാര്‍പാപ്പ’- തെറ്റായി പ്രചരിച്ച വീഡിയോയുടെ സത്യം അറിയാം…
എന്തിനും ഏതിനും വ്യാജന്മാര്‍ ഇറങ്ങുന്ന കാലമാണിത്. ‘ഇതിലേതാ ഒര്‍ജിനല്‍’ എന്ന് തലപുകഞ്ഞ് ആലോചിക്കേണ്ടുന്ന കാലം. ദിനംപ്രതി നമുക്ക് മുന്നിലേക്കെത്തുന്ന വാര്‍ത്തകളിലുമുണ്ട് വ്യാജന്മാര്‍ ഏറെ. വാര്‍ത്തകളുടെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്ന് മനസിലാക്കാതെ അത്തരം വാര്‍ത്തകള്‍ മറ്റ് പലരിലേക്കും പങ്കുവെയ്ക്കുന്നവരാണ് നമ്മളില്‍ പലരും.
ലോകം ഒറ്റക്കെട്ടായി കൊവിഡ് 19 എന്ന മാഹാമാരിയ്‌ക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമ്പോള്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ എണ്ണവും ചെറുതല്ല. കൊറോണയുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ചില വ്യാജവീഡിയോകളും ചിത്രങ്ങളും ഇടയ്ക്കിടെ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്.
ഇത്തരത്തിലുള്ള ഒരു വ്യാജ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. കൊവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ കറുത്ത വര്‍ഗക്കാരുടെ പാദങ്ങള്‍ ചുംബിച്ചുകൊണ്ട് ലോകം ചെയ്ത തെറ്റുകള്‍ പൊറുക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പ പറഞ്ഞു എന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജമാണ്. മാത്രവുമല്ല കൊറോണക്കാലവുമായി ബന്ധമില്ലാത്തതാണ് ഈ വീഡിയോ. 2019 ഏപ്രില്‍ മാസം സൗത്ത് സുഡാനില്‍ മാര്‍പാപ്പ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയതാണ് ഈ വീഡിയോയിലെ ദൃശ്യങ്ങള്‍. കൊറോണയുമായി ബന്ധപ്പെട്ടുള്ളതല്ല ഈ വീഡിയോ എന്ന് വ്യക്തം.