‘ജന്മം കൊണ്ട് അമ്മയായവർക്ക് മാത്രമല്ല, സ്നേഹം കൊണ്ട് അമ്മയായവർക്കും മാതൃ ദിനാശംസകൾ’

‘അമ്മയ്ക്കൊരു ഉമ്മ കൊടുത്തുകൊണ്ടാവാം ഈ ദിനം ആരംഭിക്കുന്നത്..’ ഇന്ന് ലോകം മുഴുവൻ മാതൃ ദിനം കൊണ്ടാടുന്നു. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃ ദിനമായി ആചരിക്കുന്നത്. അമ്മയുടെ ഓർമ്മകൾ പോലും മനസിൽ സന്തോഷത്തിന്റെ നാമ്പുകളാണ് ഒരുക്കുന്നത്..അമ്മയേക്കാൾ വലിയ സ്നേഹമില്ല… സത്യമില്ല.. സന്തോഷവുമില്ല..
ജന്മം കൊണ്ട് മാത്രമല്ല കർമ്മം കൊണ്ടും സ്നേഹംകൊണ്ടും അമ്മയായ ഒരുപാട് നന്മമനസുകൾക്കായ് മാറ്റിവയ്ക്കാം ഈ ദിനം. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്ത ഒരു ടീച്ചറമ്മ അഥവാ ടീച്ചർ അമ്മയായതും ഈ മാതൃദിനത്തിൽ ഓർക്കാം.
ഒരു കുടുംബം മുഴുവൻ കൊറോണയുടെ കൈപ്പിടിയിലായപ്പോൾ അടിയന്തരമായി പ്രസവ ശസ്ത്രക്രിയയ്ക്ക് കയറേണ്ടി വന്ന ‘അമ്മ തന്റെ ജനിക്കാൻ പോകുന്ന കുഞ്ഞിനെയോർത്ത് വിഷമിച്ചു. ഈ വേളയിൽ ആശ്വാസമായി എത്തിയത് അവരുടെ മകന്റെ ടീച്ചറാണ്. ആ കുടുംബം മുഴുവൻ കൊറോണ വൈറസ് ബാധ ഭേദമായി തിരികെ വരുന്നതുവരെ പ്രസവവാർഡിൽ നിന്നും ഏറ്റെടുത്ത ആ പിഞ്ചുകുഞ്ഞിന് അമ്മയായത് ലൂസിയാന ടീച്ചറാണ്. രക്തബന്ധങ്ങളുടെ കെട്ടുകളോ, സൗഹൃദത്തിന്റെ ആഴമോ ഇല്ലാതെതന്നെ കർമ്മം കൊണ്ട് അമ്മയാകുന്ന ഒരുപാട് ലൂസിയാന ടീച്ചറുമാരുണ്ട് ഈ ലോകത്ത്. ഈ മാതൃദിനത്തിൽ അവരെയും ഓർക്കാം..
1905 -ൽ അമേരിക്കയിലാണ് മാതൃ ദിനം ആഘോഷിച്ചു തുടങ്ങിയത്. അമ്മയെ ഓർമ്മിക്കാൻ, സ്നേഹിക്കാൻ ഒരു ദിവസം? കേൾക്കുമ്പോൾ തന്നെ ഇത് മണ്ടത്തരം അല്ലെ എന്നു ആലോചിക്കുന്നവർ ഉണ്ടാവും. അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും ഉണ്ടാവരുത് എന്നതാണ് അഭികാമ്യം.
വേദനയിൽ നിന്നും ജനിച്ചതാണ് അമ്മയുടെ സ്നേഹം. ലോകത്തിൽ മനുഷ്യൻ അനുഭവിക്കുന്നതിൽ ഏറ്റവും വലിയ വേദന എന്തെന്നതിനു ഒറ്റ ഉത്തരമേ ഉള്ളൂ, അത് അമ്മയാവുന്ന വേദനയാണ്. എന്നാൽ ഒരു കരച്ചിൽ കൊണ്ട് ഏറ്റവും വേഗത്തിൽ അവസാനിക്കുന്ന വേദനയും അതു തന്നെ. കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്ന ക്ഷണം തന്നെ താൻ അനുഭവിച്ച വേദന അമ്മ മറക്കുന്നു.
ചെറുപ്പത്തിൽ അമ്മയുടെ സ്നേഹ ചുംബങ്ങൾക്കായി നമ്മൾ കാത്തു നിന്നത് ചെറു മന്ദഹസത്തോടെ ഓർത്തെടുക്കാം..അമ്മയുടെ ഇഷ്ടങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ ഈ മാതൃദിനം അമ്മയ്ക്കൊപ്പം ചിലവിടാം. എന്നാണ് അമ്മയെ അവസാനമായി കെട്ടിപിടിച്ചു ഉമ്മ കൊടുത്തത്..? ചിതലരിച്ച ഓർമ്മയിൽ നിന്നും ചികഞ്ഞെടുക്കണ്ട.. ആ സുന്ദരനിമിഷം ഇന്നാവട്ടെ..ഇപ്പോൾ ആവട്ടെ..
നമ്മുടെ എല്ലാ ഇഷ്ടങ്ങളും അറിയാവുന്ന അമ്മയ്ക്കു വേണ്ടി ഇന്നത്തെ ദിവസം മാറ്റിവെക്കാം. എന്ത് പ്രശ്നങ്ങൾ സംഭവിച്ചാലും അമ്മയുടെ മുഖം ഓർത്താൽ തീരാവുന്നതേയുള്ളു എന്നതും നാം മറക്കരുത്.
“ജന്മം കൊണ്ട് അമ്മയായവർക്ക് മാത്രമല്ല, സ്നേഹം കൊണ്ട് അമ്മയായവർക്കും മാതൃദിനാശംസകൾ”.
Story Highlights: mothers day special