ഒരു കുഞ്ഞു ലോകത്തിന്റെ വലിയ പ്രതികാര കഥ- ശ്രദ്ധേയമായി ഉറുമ്പുകൾ അഭിനയിച്ച ലിമിറ്റഡ് വെബ് സീരിസ്
ഉറുമ്പുകൾക്ക് പ്രതികാരമുണ്ടോ? നിരനിരയായും കൂട്ടം കൂടിയും നിശബ്ദമായി നീങ്ങുന്ന ഉറുമ്പുകൾ മനുഷ്യനെ പോലെ ചിന്തിക്കുകയും പ്രതികാര ദാഹിയാകുകയും ചെയ്യുന്നത് ചിന്തിക്കാൻ സാധിക്കുമോ? എന്നാൽ ഉറുമ്പിന്റെ ചലനങ്ങളെ ഒരു കഥയിലൂടെ വെബ് സീരിസായി ഒരുക്കിയിരിക്കുകയാണ് യൂട്യൂബറായ വിഷ്ണു കെ ദാസ്.
ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്നു മടുത്തപ്പോൾ മനസ്സിൽ ഉടലെടുത്ത ഒരു ആശയം ഉറുമ്പുകളിലൂടെ ആവിഷ്കരിക്കുകയായിരുന്നു വിഷ്ണു ചെറിയ ഉറുമ്പുകളുടെ വലിയ പ്രതികാരം എന്ന സീരിസിലൂടെ. ഉറുമ്പുകൾക്ക് ശബ്ദവും നൽകിയിട്ടുണ്ട്. സീരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒട്ടേറെപ്പേർ കണ്ടുകഴിഞ്ഞു.
ഉറുമ്പുകളുടെ ചെറിയ ജീവിതത്തിനിടയിൽ ആരും അറിയാതെ ഉണ്ടാകുന്ന വലിയ സംഭവങ്ങൾ എന്ന ചിന്തയിൽ നിന്നുമാണ് വിഷ്ണു ഇങ്ങനെയൊരു സീരിസ് സൃഷ്ടിച്ചിരിക്കുന്നത്. വിഷ്ണുവും സുഹൃത്തായ സിൽജി മാത്യുവുമാണ് ഉറുമ്പുകൾക്കായി ശബ്ദം നൽകിയിരിക്കുന്നത്.
തന്റെ മുറിയുടെ ജനാലയിൽ നായകനെയും നായികയെയും സഹതാരങ്ങളെയുമെല്ലാം വിഷ്ണു കണ്ടെത്തി. കഥയും സംഭാഷണവും എഡിറ്റിംഗും തുടങ്ങി ഈ സീരിസിന്റെ എല്ലാ മേഖലയും വിഷ്ണു തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
Story highlights-First Ever Limited Web Series based on ant’s life