സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ-പശ്ചിമ അറബിക്കടലിൽ യെമൻ-ഒമാൻ തീരത്തോട് അടുത്ത് രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചു കൊണ്ട് ശക്തമായ ന്യൂനമർദം ആയി മാറികഴിഞ്ഞെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടുതൽ ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിൽ തീവ്രന്യൂനമർദമായി മാറി വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
2020 മെയ് 31 നോട് കൂടി കേരള തീരത്തിനടുത്തായി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ന്യൂനമർദം രൂപപ്പെടുന്നതിൻറെ പശ്ചാത്തലത്തിൽ കേരളത്തിൽ ശക്തമായ മഴ അടുത്ത 5 ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുകയാണ്.
അതേസമയം ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Story Highlights: Heavy rain alert in Kerala