ഒരു സിനിമയിൽ മാത്രം അഭിനയിച്ച് മറഞ്ഞ മലയാളത്തിന്റെ പ്രിയ നടിമാർ- ശ്രദ്ധേയമായ കുറിപ്പ്

May 5, 2020

ഒരു സിനിമയിൽ മാത്രം മുഖം കാണിച്ച് വലിയ സ്വീകാര്യത നേടിയ ചുരുക്കം ചില നായികമാരുണ്ട്. വെള്ളിത്തിരയിൽ നിന്നും മറഞ്ഞാലും അവർ പ്രേക്ഷകമനസ്സുകളിൽ മായാതെ നിൽക്കും. കുഞ്ചാക്കോ ബോബൻ നായകനായ ‘പ്രിയം’ സിനിമയിലെ നായിക ദീപ നായർ, ‘തെക്കേക്കര സൂപ്പർ ഫാസ്റ്റ്’ എന്ന ചിത്രത്തിലെ നായികയായ ഗായത്രി ശാസ്ത്രി തുടങ്ങി ഒട്ടേറെ നായികമാർ ഇങ്ങനെ ഒരു സിനിമയിൽ മാത്രം അഭിനയിച്ച് മറഞ്ഞവരാണ്.

ചിലർ മറ്റു ഭാഷകളിലും സിനിമയിലെ തന്നെ മറ്റു മേഖലകളിലും സജീവമായെങ്കിലും മലയാള സിനിമയിലേക്ക് നയികയായി മടങ്ങിയെത്തിയില്ല. അങ്ങനെ ഒറ്റ ചിത്രം കൊണ്ട് ശ്രദ്ധിക്കപ്പെട്ടതും പിന്നീട് മലയാള സിനിമയിൽ അഭിനയിക്കാത്തതുമായ നായികമാരെ പരിചയപ്പെടുത്തുകയാണ് മനു വർഗീസ് എന്ന സിനിമ പ്രേമി. സിനിമ സംവാദ ഗ്രൂപ്പിലാണ് മനു, വെള്ളിത്തിരയിൽ നിന്നും മറഞ്ഞ നായികമാരെ പരിചയപ്പെടുത്തിയത്.

മനുവിന്റെ വാക്കുകൾ;

ദീപ നായർ

‘പ്രിയം’ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി..പഠനശേഷം ഇൻഫോസിസിൽ ജോലി ലഭിച്ച ദീപ മെൽബണിൽ കുടുംബസമേതം താമസിക്കുന്നു.

വൈഷ്ണവി മഹന്ത്

‘ശക്തിമാനി’ലെ ഗീത ബിശ്വാസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വൈഷ്ണവി ‘ഒരു മുത്തം മണിമുത്തം’ എന്ന മലയാള ചിത്രത്തിൽ വേഷമിട്ടു.സാജൻ സംവിധാനം ചെയ്ത ചിത്രത്തിൽ
ലേഖ എന്ന കഥാപാത്രമായാണ് വൈഷ്ണവി എത്തിയത്.

രതി അറുമുഖം

‘കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.തമിഴ് – തെലുങ്ക് – മലയാളം ഭാഷകളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ചിത്രങ്ങളുടെ പരാജയം തിരിച്ചടിയായി. പിന്നീട് സീരിയലുകളിലേക്ക് ചുവടു മാറ്റി.

ഡോ കവിത ജോസ്

‘പകൽപ്പൂരം’ എന്ന ചിത്രത്തിൽ ഗീതു മോഹൻദാസിനൊപ്പം നായിക തുല്യമായ വേഷത്തിലാണ് കവിത അഭിനയിച്ചത്. ഇപ്പോൾ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ്..’സർഗ’ത്തിൽ കുട്ടൻ തമ്പുരാൻ്റെ ചെറുപ്പകാലമായി വേഷമിട്ട ഡോ.റോഷനാണ് ഭർത്താവ്.

ഗായത്രി രഘുറാം

‘നക്ഷത്രക്കണ്ണുള്ള രാജകുമാരൻ’ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലെ നായിക…ഇപ്പോൾ മലയാളത്തിലെയും തമിഴിലെയും തിരക്കുള്ള കോറിയോഗ്രാഫറാണ് ഗായത്രി.

വൈഭവി മർച്ചൻ്റ്

സംഗീത് ശിവൻ സംവിധാനം ചെയ്ത ‘സ്നേഹപൂർവ്വം അന്ന’ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി..ഇപ്പോൾ ബോളിവുഡിലെ വിലപിടിപ്പുള്ള നൃത്ത സംവിധായികയാണ് വൈഭവി ഇപ്പോൾ.

പ്രീതി

‘മഴവില്ല്’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ നടി.
‘അയ്യപ്പൻ്റമ്മ നെയ്യപ്പം ചുട്ടു’ എന്ന ചിത്രത്തിലെ നായകനായ പാർവിൻ എന്ന നടനെ വിവാഹം ചെയ്തു. ഇരുവരും ഓരോ മലയാള ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടത്.

ഗായത്രി ശാസ്ത്രി

‘തെക്കേക്കര’ സൂപ്പർ ഫാസ്റ്റ് എന്ന ചിത്രത്തിലെ നായികയായാണ് ഗായത്രി മലയാള സിനിമയിലെത്തിയത്. തമിഴ് സിനിമകളിൽ വേഷമിട്ട ഗായത്രി തമിഴ് സീരിയലുകളിലൂടെയാണ് ശ്രദ്ധേയയായത്. ഓം നമ ശിവായയിലെ പാർവതി ദേവിയുടെ കഥാപാത്രമാണ് അതിൽ പ്രധാനപ്പെട്ടത്.

Story highlights- actresses who acted only in one cinema