ഇനി വീട്ടിൽ പരീക്ഷിക്കാം സൗന്ദര്യ സംരക്ഷണത്തിന് ചില പൊടികൈകൾ

May 12, 2020
beauty

ലോക്ക് ഡൗൺ ആയതിനാൽ എല്ലാവരും വീടുകളിലാണ്. സൗന്ദര്യ സംരക്ഷണത്തിനായി ബ്യൂട്ടി പാർലറുകളിൽ പോകാൻ ഇപ്പോൾ മിക്കവർക്കും കഴിയുന്നില്ല. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനായി വീടുകളിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ എന്തൊക്കെയെന്ന് നോക്കാം.

ഐസ് ക്യൂബ്

ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ഒരു മികച്ച പരിഹാരമാണ് ഐസ് ക്യൂബ്. ചര്‍മ്മം നന്നായി വൃത്തിയാക്കിയതിന് ശേഷമാണ് ഐസ് ക്യൂബ് ഉപയോഗിക്കേണ്ടത്. മുഖക്കുരുവിനെ ഒരു പരിധി വരെ തടയുന്നതിനും ഐസ് ക്യൂബ് ഉത്തമമാണ്. മുഖത്തെ തടിപ്പും പാടുകളും മാറ്റുന്നതിനും ഐസ് ക്യൂബ് ഉപയോഗിക്കാം. മുഖക്കുരുവിന്റെ പ്രശ്‌നമുള്ളവര്‍ ഇടയ്ക്ക് തുണിയില്‍ പൊതിഞ്ഞ ഐസ് ക്യൂബ് മുഖക്കുരു ഉള്ള ഭാഗത്ത് അല്‍പ സമയം വയ്ക്കുന്നത് മുഖക്കുരുവിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.

കഞ്ഞിവെള്ളം

കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് പതിവാക്കിയാൽ ചർമം തിളങ്ങും. മിനുസമുള്ളതുമാകും. കഞ്ഞിവെള്ളമുപയോഗിച്ച് മുഖം മസ്സാജ് ചെയ്‌താൽ മുഖത്തെ പാടുകളും മായും. ചർമത്തിലെ ചുളിവുകൾ അകറ്റാനും കഞ്ഞിവെള്ളം സഹായിക്കും. മുഖത്തും കഴുത്തിലും ടോണർ പോലെ കഞ്ഞിവെള്ളം ഉപയോഗിച്ചാൽ കറുപ്പും അകറ്റാം. കണ്ണിനു താഴെ കോട്ടൺ തുണിയിൽ കഞ്ഞിവെള്ളം മുക്കി പത്തു മിനിറ്റ് വയ്ക്കുന്നത് കണ്ണിന്റെ കരിവാളിപ്പ് മാറ്റാൻ സഹായിക്കും.

നാരങ്ങ

പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ഉപയോഗിച്ച് തയ്യാറാക്കുന്ന മിശ്രിതം ഉപയോഗിച്ച് ഫേഷ്യല്‍ ചെയ്‌താല്‍ മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാൻ സാധിക്കും. രോമവളര്‍ച്ച കുറയ്‌ക്കാനും ഇത് ഉത്തമമാണ്. നാരങ്ങാനീരും തേനും ചേർത്ത മിശ്രിതമുപയോഗിച്ച് മുഖം മസാജ് ചെയ്താൽ ഒരുപരിധിവരെ ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാൻ സാധിക്കും. 

ഹണി ഫേസ് പാക്ക്

ചര്‍മ്മ സംരക്ഷണത്തിന് വളരെ നല്ലതാണ് തേന്‍. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശ്നങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു. തേനും അല്‍പം റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തിലോ ചെറുചൂടുവെള്ളത്തിലോ മുഖം കഴുകുക.

ആപ്പിള്‍ റോസ് വാട്ടര്‍ ഫേസ് പാക്ക്…

ആപ്പിള്‍ തൊലി കളഞ്ഞ് പേസ്റ്റ് പരുവത്തില്‍ മിക്സിയില്‍ അടിച്ചെടുക്കുക. ശേഷം രണ്ട് തുള്ളി ​റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്തിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക.  നിറം വയ്ക്കാനും ചര്‍മ്മം കൂടുതല്‍ മൃദുലമാകാനും ഈ മിശ്രിതം വളരെ നല്ലതാണ്.

ചന്ദനം, മഞ്ഞള്‍, പാല്‍ ഫേസ് പാക്ക്…

ചന്ദനവും, മഞ്ഞളും പാലും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച്‌ 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച്‌ കഴുകി കളയുക. മുഖക്കുരുവിനെയും മുഖത്തെ പാടുകളെയും ഇല്ലാതാക്കാന്‍ ഈ ഫേസ് പാക്ക് വളരെ സഹായകമാണ്.

പപ്പായ ഫേസ് പാക്ക്…

മുളം തിളങ്ങാന്‍ വളരെ നല്ലതാണ് പപ്പായ ഫേസ് പാക്ക്. അരകപ്പ് പപ്പായ പേസ്റ്റും അരസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും ഒരു സ്പൂണ്‍ റോസ് വാട്ടറും ചേര്‍ത്ത് മുഖത്തിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകുക.

കടലമാവ് ഫേസ് പാക്ക്…

ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്. കടലമാവ് വെള്ളവുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക.