സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്

May 23, 2020
covid

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ ഇതുവരെ ഒരുദിവസം റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

രോഗബാധിതരിൽ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

അതേസമയം, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് 9 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 37 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.