രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 125,000 കടന്നു; മരണസംഖ്യ 3720 ആയി
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. തുടർച്ചയായ രണ്ടാം ദിവസവും 24 മണിക്കൂറിനുള്ളിൽ 6000 ലധികം പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ മാത്രം 137 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ രോഗബാധിതർ 125501 ആയി. മരണസംഖ്യ 3720 ആയി. 51784 പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. 69597 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 44582 ആയി. മരണം 1517 ആയി. തമിഴ്നാട്ടിൽ ചെന്നൈയിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14753 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ 6494 പേർക്കും ഉത്തർപ്രദേശിൽ 5735 പേർക്കും രോഗം സ്ഥിരീകരിച്ചു.
അതേസമയം കേരളത്തിൽ ഇന്നലെയാണ് ഏറ്റവും ഉയർന്ന നിരക്കിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 42 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത് 732 പേർക്കാണ്. ഇതിൽ നിലവിൽ ചികിത്സയിലുള്ളത് 216 പേരാണ്. 84258 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 609 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ബാക്കിയുള്ളവർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
Story Highlights: Covid-19 updates in India