സംസ്ഥാനത്ത് എട്ട് പേർക്ക് രോഗ മുക്തി, രണ്ടു പേർക്ക് കൊവിഡ്
May 2, 2020
സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ, വയനാട് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. എട്ട് പേർ രോഗ മുക്തരായി. കണ്ണൂർ ജില്ലയിൽ ആറു പേർ, ഇടുക്കിയിൽ രണ്ടു പേരുമാണ് രോഗമുക്തരായത്. ഇതോടെ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 499 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം 21891 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 410 പേർ ആശുപത്രിയിലും 21494 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. രാജ്യത്ത് ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കെ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. എന്നാൽ റെഡ് സോണുകൾ ഒഴികെ ഉള്ളിടങ്ങളിൽ ഇളവുകൾ ലഭ്യമാകും. സംസ്ഥാനത്ത് കണ്ണൂരും കോട്ടയവുമാണ് റെഡ് സോണുകളിൽ ഉള്ളത്.