ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം; കൊവിഡ് ദുരന്തത്തിന്റെ ഇരകളായി നിരവധി തൊഴിലാളികൾ..
തൊഴിലാളിയുടെ മഹത്വം ഓർമിപ്പിച്ചുകൊണ്ട് ലോകം എങ്ങും ഇന്ന് തൊഴിലാളി ദിനം ആചരിക്കുന്നു. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് പല മേഖലകളിലെയും തൊഴിലാളികൾ കടന്നുപോകുന്നത്. കൊവിഡ്-19 കാരണം പലർക്കും ജോലി തന്നെ നഷ്ടമാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
വിവിധ രാജ്യങ്ങളിലായി ഇതുവരെ തൊഴിൽ രഹിത വേതനത്തിന് അപേക്ഷ നൽകിയവരുടെ എണ്ണവും നിരവധിയാണ്. ഇതിന് പുറമെ കൊവിഡ് തൊഴിൽ പരമായ മഹാമാരിയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യങ്ങളും ഉയർന്നുവരുന്നുണ്ട്. അത്രമേൽ തൊഴിൽ മേഖലയെ ബാധിച്ചുകഴിഞ്ഞു കൊറോണ വൈറസ്.
തൊഴിലാളികൾ അടിച്ചമർത്തൽ നേരിട്ടിരുന്ന കാലത്ത് സ്വന്തം അവകാശങ്ങളും സ്വാതന്ത്ര്യവും നേടിയെടുക്കുവാൻ വിയർപ്പും രക്തവും ഒഴുക്കിയവരുടെ ഓർമ്മ ദിനം കൂടിയാണിന്ന്. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം തുടങ്ങിയ അവകാശങ്ങളെല്ലാം വിപ്ലവങ്ങളിലൂടെ നേടിയെടുത്തവയാണ്.
1904 -ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിൽ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തു. ഇതാണ് ഇന്ന് ലോക തൊഴിലാളി ദിനമായി ആചരിച്ചുപോരുന്നത്. 19-ആം നൂറ്റാണ്ടിൽ, അമേരിക്കയിലെ ഹെമാർകെറ്റിൽ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അനേകം തൊഴിലാളികൾ ഒത്തു കൂടി സമരം നടത്തിയിരുന്നു.
സമരത്തിനിടെ ഉണ്ടായ പ്രക്ഷോഭങ്ങളിലും മറ്റുമായി എട്ട് പൊലീസുകാർ ഉൾപ്പെടെ നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. തുടർന്ന് നടന്ന അധികാര ദുർവിനിയോഗത്തിന്റെ ഭാഗമായി നിരവധി തൊഴിലാളി നേതാക്കളെയും സാധാരണ ജങ്ങളെയും അധികൃതർ കൊന്നൊടുക്കി. മെയ് ദിനം ആഘോഷിക്കുമ്പോൾ ചിക്കാഗോയിലെ ഈ സംഭവും ലോകമെങ്ങും സ്മരിക്കപ്പെടുന്നു.
ഇന്ന് നാം അനുഭവിക്കുന്ന അവകാശങ്ങൾക്കെല്ലാം ധീരരും ശക്തരുമായിരുന്ന നിരവധി നേതാക്കളുടെയും തൊഴിലാളികളുടെയും ജീവന്റെ വിലയുണ്ട്.
എന്നാൽ നിരവധി തൊഴിലാളികൾ പലയിടങ്ങളിലായി ഇന്നും അടിച്ചമർത്തപ്പെടുന്നുണ്ട്. അവകാശ പ്രഖ്യാപനങ്ങൾക്കൊപ്പം അവർക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ കൂടി ഉയരുന്നതാണ് ഓരോ മെയ്ദിനവും.