രാജ്യത്ത് പാചക വാതകത്തിന്റെ വില കുറച്ചു
രാജ്യത്ത് പാചക വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തി കേന്ദ്രം. ആറ് മാസം തുടര്‍ച്ചയായി വില കൂടിയതിന് ശേഷം മൂന്നാം തവണയാണ് പാചക വാതകത്തിന്റെ വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞതാണ് പാചക വാതകത്തിന്റെ വില കുറയാന്‍ കാരണം.
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 162 രൂപ 50 പൈസയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതിന് ആനുപാതികമായി രാജ്യത്ത് എല്ലായിടത്തും പാചക വാതകത്തിന്റെ വില കുറയും. വിലയില്‍ കുറവ് വരുത്തിയതോടെ ഡല്‍ഹിയില്‍ സബ്‌സിഡി ഇല്ലാത്ത 14.2 കിലോഗ്രാം സിലിണ്ടര്‍ വില 744 രൂപയില്‍ നിന്നും 581.50 രൂപയാകും.
അതേസമയം കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മിക്ക ഇടങ്ങളിലും ആളുകള്‍ കൂടുതല്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന ചില റിപ്പോര്‍ട്ടുകളും അടുത്തിടെ വന്നിരുന്നു. രാജ്യത്തെ ഗ്യാസ് ഉത്പാദന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വില്‍പനയില്‍ 20 ശതമാനം വര്‍ധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്.