‘ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഓർമ്മയിൽ ഇന്ന് മെയ്ദിനം, കൊവിഡ്- 19 നെ പിടിച്ചുകെട്ടാൻ വിശ്രമമില്ലാതെ പ്രയത്നിക്കുന്നവർക്കെല്ലാം കേരളത്തിന്റെ ബിഗ് സല്യൂട്ട്’: മുഖ്യമന്ത്രി
ഇന്ന് അന്താരാഷ്ട്ര തൊഴിലാളി ദിനം. കൊവിഡ്- 19 നെ പിടിച്ചുകെട്ടാൻ വിശ്രമമില്ലാതെ പ്രയത്നിക്കുന്നവർക്കെല്ലാം മെയ് ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വർഗം തന്നെയാണ് അവരെയെല്ലാം ചേർത്തുപിടിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികളെയും ഈ മഹാമാരിയുടെ സാഹചര്യത്തിൽ ചേർത്തുപിടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
ഐതിഹാസികമായ തൊഴിലാളി പ്രക്ഷോഭങ്ങളുടെ ഓർമ്മയിൽ ലോകം ഇന്ന് മെയ്ദിനം ആചരിക്കുകയാണ്. മഹാമാരിയിൽ ലോകമെങ്ങും വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് ഇത്തവണത്തെ മെയ്ദിനം. തൊഴിലാളി വർഗം അവരുടെ സാമൂഹിക കടമ ഏറ്റവും ഉയർന്ന നിലയിൽ നിർവ്വഹിക്കുന്ന ഘട്ടം. ഓരോ മേഖലയിലും തൊഴിലെടുക്കുന്നവർ തങ്ങളുടേതായ രീതിയിൽ ഈ കോവിഡ് – 19 നെ പിടിച്ചുകെട്ടാൻ വിശ്രമമില്ലാതെ പ്രയത്നിക്കുന്നു. അവർക്കെല്ലാം കേരളത്തിൻ്റെ ബിഗ് സല്യൂട്ട്.
ഈ മഹാമാരിയിൽ ദുരിതം അനുഭവിക്കുന്ന വിഭാഗവും തൊഴിലാളി വർഗം തന്നെയാണ്. അവരെ ചേർത്തു പിടിക്കാനാണ് ശ്രമിച്ചത്. ലോക് ഡൗൺ കാലം വരുമാന നഷ്ടത്തിൻ്റെ കാലമായപ്പോൾ അവർക്ക് താങ്ങായി നിൽക്കാനുള്ള പദ്ധതികളാണ് നാം കേരളത്തിൽ നടപ്പാക്കിയത്. നമ്മുടെ സാമൂഹിക ഒരുമയിൽ നമുക്ക് ആ പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തിക്കാനായി. നമ്മുടെ അതിഥി തൊഴിലാളികളേയും വിഷമതകളില്ലാതെ ചേർത്തു പിടിച്ചു.
കോവിഡ് – 19 നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ട ഘട്ടമാണിത്. നമുക്ക് ഒന്നിച്ച് മുന്നേറാം. ഈ ദിനം അതിനുള്ള ഊർജ്ജമാകട്ടെ.