കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വേനൽ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത അഞ്ച് ദിവസവും തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടുണ്ട്.
വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിമീ വരെ വേഗതയിൽ കാറ്റ് വീശാം. ഇടിമിന്നലും മെയ് 19 വരെ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൽസ്യബന്ധനത്തിൽ ഏർപ്പെടുന്ന മൽസ്യത്തൊഴിലാളികൾ ഇടിമിന്നൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ജാഗ്രത പാലിക്കണം. ചെറു വള്ളങ്ങളിലും മറ്റും മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നവർ ഇടിമിന്നൽ സമയത്ത് വള്ളത്തിൽ നിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കാൻ ഇടയുണ്ട്. ആയതിനാൽ ഇത്തരം സമയത്ത് ഇരിക്കുന്നത് ഉചിതമായിരിക്കും. ബോട്ടുകളിൽ മൽസ്യബന്ധനത്തിൽ ഏർപ്പെടുന്നവർ ഇടിമിന്നൽ സമയത്ത് ഡെക്കിൽ ഇറങ്ങി നിൽക്കുന്നത് ഒഴിവാക്കണം. അകത്ത് സുരക്ഷിതമായി ഇരിക്കണമെന്നും ദുരന്ത നിവാരണ സേന അറിയിച്ചിട്ടുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
മെയ് 15 : ആലപ്പുഴ, കോട്ടയം, ഇടുക്കി
മെയ് 16: എറണാകുളം, ഇടുക്കി, തൃശ്ശൂർ
മെയ് 17:ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ
മെയ് 18: ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
മെയ് 19 : ഇടുക്കി
Story Highlights: kerala rain alert