ഉറങ്ങാന്‍ മടിക്കേണ്ട; കൗമാരത്തില്‍ കരുതല്‍ വേണം ഉറക്കത്തിന്റെ കാര്യത്തിലും
ലോക്ക് ഡൗണ്‍ കാലമായതിനാല്‍ മിക്കവരും വീടുകളില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ പലരുടേയും ജീവിതചര്യകളില്‍ കാര്യമായ മാറ്റം സംഭവിക്കാന്‍ ഇടയുണ്ട്. മടി പിടിച്ചിരിക്കുന്ന പലരും അധികനേരം ഉറങ്ങാന്‍ ശ്രമിക്കുന്നു. എന്നാല്‍ ചിലരാകട്ടെ ഉറക്കമൊക്കെ വേണ്ടന്നു വെച്ച് രാത്രിയിലും ഇന്റര്‍നെറ്റും മൊബൈല്‍ഫോണുമൊക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഉറക്കത്തെ നിസ്സാരമായി കാണരുത്. പ്രത്യേകിച്ച് കൗമാരക്കാര്‍. കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ കൗമാരക്കാരെ തേടി അനവധി ആരോഗ്യ പ്രശ്നങ്ങളുമെത്തും. ഉറക്കം നഷ്ടമാകുന്നവരില്‍ വിഷാദരോഗത്തിനും അമിതവണ്ണത്തിനുമുള്ള സാധ്യത കൂടുതലാണ്.
കൗമാര പ്രായത്തിലുള്ള ഒരാള്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഈ പ്രായത്തിലാണ് രോഗപ്രതിരോധശേഷി വര്‍ധിക്കുന്നത്. മസ്തിഷ്കത്തിന്റെ വളര്‍ച്ചയെയും ഈ പ്രായത്തിലുള്ള ഉറക്കം സ്വാധീനിക്കും. കൗമാര പ്രായത്തില്‍ നല്ല ഓര്‍മ്മശക്തി ലഭിക്കുന്നതിനും കൃത്യമായ ഉറക്കം ആവശ്യമാണ്.
ഉറക്കം സുഖകരമാക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍…
ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിതോപയോഗവും സുഖകരമായ ഉറക്കത്തെ ദോഷകരമായി ബാധിക്കും. കൗമാരപ്രായത്തിലുള്ളവര്‍ രാത്രിയില്‍ അധികസമയം ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നല്ലതല്ല. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തിവയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം. ഉറങ്ങുന്നതിന്റെ തൊട്ടടുത്തായി ഫോണും ലാപ്ടോപ്പും വയ്ക്കുന്നതും നല്ലതല്ല.
അതുപോലതന്നെ രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിന് ഗുണം ചെയ്യില്ല. അത്താഴത്തിന് ഹെവി ഫുഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. അമിതാഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നാല്‍ പലപ്പോഴും നെഞ്ചരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അസ്വസ്ഥതകള്‍ ഉറക്കത്തെ ദോഷകരമായി ബാധിക്കും.