‘കേരളത്തിലാണ് സുരക്ഷിതം, വീസ നീട്ടിത്തരണം’; ആവശ്യമുന്നയിച്ച് അമേരിക്കൻ സ്വദേശി
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിരവധി ആളുകൾ സ്വന്തം നാടുകളിലേക്ക് തിരികെ പോകാൻ കഴിയാതെ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്. എങ്ങനെയെങ്കിലും സ്വന്തം നാട്ടിലേക്ക് തിരികെ എത്തണം എന്നത് മാത്രമാണ് മിക്കവരുടെയും പ്രാർത്ഥന. ഈ സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് തിരികെ പോകണ്ട കേരളത്തിലാണ് സുരക്ഷിതം അതിനാൽ വീസ നീട്ടിത്തരണമെന്ന് ആവശ്യപ്പെടുകയാണ് ഒരു അമേരിക്കൻ സ്വദേശി.
അമേരിക്കൻ സംവിധായകനും നാടകകൃത്തുമായ ടെറി ജോൺ കോൺവേർസ് ആണ് കേരളത്തിൽ താമസിക്കുന്നതിനായി ആറു മാസത്തേക്ക് കൂടി വീസ നീട്ടിതരണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
കൊച്ചി പനമ്പിളളി നഗറിലാണ് കോൺവേർസ് ഇപ്പോൾ താമസിക്കുന്നത്. മെയ് 20 വരെയാണ് ഇദ്ദേഹത്തിന്റെ വീസ കാലാവധി. കേരളത്തിൽ, വൈറസിനെതിരെ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിനാൽ ഇവിടെ കഴിയാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.