വിശ്വസിക്കുമോ, ചിത്രരചന പഠിക്കാത്ത ഒരാളുടെ വരകളാണിതെന്ന്?- നിറങ്ങളിൽ വസന്തം തീർത്ത് ഒരു കലാകാരി
ലോക്ക് ഡൗൺ കാലം പലരും മാറ്റിവെച്ച കഴിവുകളിലേക്കുള്ള തിരനോട്ടമായും പുതിയ ചില പാഠങ്ങൾ ആർജ്ജിക്കാനായുള്ള സമയമായുമൊക്കെയാണ് വിനിയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ അങ്ങനെ ഒട്ടേറെ ആളുകൾ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ സമൂഹമാധ്യമങ്ങളിൽ സജീവമല്ലാതെ, തന്റെ കഴിവുകളിൽ വസന്തം തീർത്ത് അതിന്റെ സ്വകാര്യതയിൽ സന്തോഷം കണ്ടെത്തുന്ന അപൂർവം ചിലരുണ്ട്. അക്കൂട്ടത്തിലുള്ളയാളാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിനിയായ ഷഹാന.
അവസാന വർഷ എഞ്ചിനിയറിങ്ങ് വിദ്യാർത്ഥിനിയായ ഷഹാന, ജൂനിയർ മെഡിക്കൽ കോഡർ ആയി ജോലിയും നോക്കുന്നുണ്ട്. ലോക്ക് ഡൗൺ കാരണം വീട്ടിലിരുന്ന് അവസാന വർഷ പരീക്ഷ തയ്യാറെടുപ്പിന്റെയും ജോലിയുടെയും ഇടയിലാണ് തന്റെ ആശയങ്ങളെ വരകളിലൂടെ ഷഹാന ആവിഷ്കരിക്കുന്നത്.
അമ്പരപ്പിക്കുന്ന കാര്യമെന്താണെന്നു വെച്ചാൽ, ചിത്ര രചന പഠിച്ചിട്ടില്ല ഈ അനുഗ്രഹീത കലാകാരി. ഷഹാനയുടെ ചിത്രങ്ങൾ കാണുന്നവർക്ക് അവിശ്വസനീയമെന്നു തോന്നാം. പക്ഷെ യൂട്യൂബിൽ നോക്കി സ്വയം പഠിച്ചെടുത്തതാണ് ഈ കഴിവ്. മൂന്ന് വർഷമായതേയുള്ളു ചിത്രരചനയിലുള്ള വാസന തിരിച്ചറിഞ്ഞ് അതിനായി ഷഹാന സ്വയം പ്രയത്നിച്ച് തുടങ്ങിയിട്ട്.
ചിത്ര രചനയ്ക്ക് പുറമെ ഒട്ടനവധി കഴിവുകളുള്ള കലാകാരിയാണ് ഷഹാന. ഒരുപാട് ക്രാഫ്റ്റ് വർക്കുകളും ഷഹാന ചെയ്യാറുണ്ട്. ഷഹാനയുടെ ക്രാഫ്റ്റുകൾക്ക് ആവശ്യക്കാരുമുണ്ട്.
പഠനത്തിനും ജോലിക്കും പുറമെയാണ് ഇങ്ങനെയും ഷഹാന സമയം വിനിയോഗിക്കുന്നത്. ചിത്രങ്ങൾ ആവശ്യക്കാർക്ക് സൗജന്യമായാണ് ഷഹാന വരച്ചു നല്കിയിട്ടുള്ളത്. സ്വയം ഒരു തൃപ്തി, അല്ലെങ്കിൽ ഒരു കഴിവ് വികസിപ്പിച്ചെടുക്കുക എന്നത് മാത്രമാണ് എന്തിലും ഷഹാന അടിസ്ഥാനപരമായി കാണുന്ന കാര്യം. ഈ ലോക്ക് ഡൗൺ കാലം അതിമനോഹരമായി വിനിയോഗിച്ച ഷഹാന യുവതലമുറയ്ക്ക് ഒരു മുതൽക്കൂട്ടും മാതൃകയുമാണ്.
Story highlights-amazing drawing skills of a talented girl