ഇടിമിന്നലില്‍ നിന്നും രക്ഷ നേടാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
കേരളത്തില്‍ വീണ്ടും മഴ ശക്തമായതോടെ ഇടിമിന്നലിന്റെ കാര്യത്തിലും കരുതല്‍ വേണം. കഴിഞ്ഞ ദിവസം ബീഹാറിലും ഉത്തര്‍പ്രദേശിലും ഇടിമിന്നലേറ്റ് പൊലിഞ്ഞത് നിരവധി ജീവനുകളാണ്. അനന്തരീക്ഷത്തിലെ മേഘങ്ങളില്‍ നിന്നും ഭൂമിയിലേക്കുള്ള ഒരു ഇലക്ട്രിക് ഡിസ്ചാര്‍ജ് ആണ് മിന്നല്‍. ഇടിമിന്നലുള്ളപ്പോള്‍ കൂടുതല്‍ ജാഗ്രത വേണം. മരണം പോലും സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇടിമിന്നലില്‍ നിന്നും രക്ഷ നേടാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ഇടിമിന്നലിനെതിരെ ജാഗ്രത സ്വീകരിക്കേണ്ടതുണ്ട്.. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതും അപകടകരമാണ്.
*ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
*മഴക്കാര് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഉച്ചക്ക് 2 മണി മുതല്‍ വൈകിട്ട് 10 മണി വരെയുള്ള സമയത്ത് പോകരുത്
*ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
*ജനലും വാതിലും അടച്ചിടുക
*ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
*ഫോണ്‍ ഉപയോഗിക്കരുത്.
*ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
*കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
*ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
*വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
*വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
*ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.
*വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്്.
ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ്ജ് പ്രോട്ടക്ടര്‍ ഘടിപ്പിക്കാം. മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്കുവാന് മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്റ് സുരക്ഷക്കായിട്ടുള്ള സുവര്‍ണ്ണ നിമിഷങ്ങളാണ്.
Story highlights: Awareness about lightning