സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂർ ജൂബിലി ഹോസ്പിറ്റലിലായിരുന്നു മരണം.
കഴിഞ്ഞ ദിവസം നടുവിന് രണ്ട് സർജറികൾ വേണ്ടി വന്നിരുന്നു. ആദ്യ സർജറി വിജയകരമായി പൂർത്തിയാക്കിയെങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഇതിനെ തുടർന്ന് തലച്ചോർ പ്രതികരിക്കുന്നില്ലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്.
2007ൽ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ പ്രവേശനം. ചോക്ലേറ്റിൽ സേതുവിനൊപ്പം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച സച്ചി 2012ൽ ഇറങ്ങിയ ‘റൺ ബേബി റൺ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രനായി. ‘അനാർക്കലി’, ‘അയ്യപ്പനും കോശിയും’ എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു.
സച്ചിയുടെ മരണ വാർത്ത പങ്കുവെച്ച് സംവിധായകൻ ഷാജി കൈലാസ് കുറിച്ച വാക്കുകൾ;
നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, പ്രാർത്ഥിച്ച ഒരു നഷ്ടം കൂടി… ഒരുപാട് നേരത്തെയാണ് ഈ യാത്ര…
കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ… പ്രതിഭയാർന്ന സംവിധായകൻ… അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്… അതായിരുന്നു സച്ചി. നഷ്ടമായത് ഒരു സഹപ്രവർത്തകനെ മാത്രമല്ല… നല്ലൊരു സുഹൃത്തിനെയും സഹോദരനെയുമാണ്..! നഷ്ടങ്ങളുടെ നിരയിലേക്ക് ഇപ്പോഴൊന്നും ഇടം പിടിക്കരുതായിരുന്ന വിജയങ്ങളുടെ തോഴൻ… പകരം വെക്കാനില്ലാത്ത ഈ പ്രതിഭയുടെ കഥാപാത്രങ്ങളിലൂടെ തന്നെ സച്ചി ഇനിയും ജീവിക്കും.
Story highlights-Director sachi passes away