കേരളത്തിൽ കൊവിഡ് ആന്റിബോഡി ടെസ്റ്റ് തിങ്കളാഴ്ച മുതൽ
സംസ്ഥാനത്ത് ഉറവിടം കണ്ടെത്താൻ കഴിയാത്ത രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കൊവിഡ് ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനം. തിങ്കളാഴ്ച മുതലാണ് ടെസ്റ്റ് ആരംഭിക്കുന്നത്. പനി, ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവരെ ടെസ്റ്റിന് വിധേയരാക്കും.
ഒരാഴ്ച 15,000 വരെ ആന്റിബോഡി ടെസ്റ്റുകൾ ആയിരിക്കും നടത്തുക. ആന്റിബോഡി ടെസ്റ്റുകൾ പോസിറ്റീവ് ആകുന്നവർക്ക് പിസിആർ ടെസ്റ്റും നടത്താനാണ് തീരുമാനം. സംസ്ഥാനത്ത് കൊറോണ വൈറസ് സമൂഹവ്യാപനം ഉണ്ടോയെന്നുള്ള ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
അതേസമയം കേരളത്തിൽ ഇന്നലെയാണ് ഏറ്റവും ഉയർന്ന നിരക്കിൽ കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം നൂറിലധികം പേർക്ക് ഇതാദ്യമായാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. പാലക്കാട്-40, മലപ്പുറം-18, പത്തനംതിട്ട-11, എറണാകുളം-10, തൃശൂർ- 8, തിരുവനന്തപുരം, ആലപ്പുഴ-5, കോഴിക്കാട്-4, ഇടുക്കി, വയനാട്- 3, കോട്ടയം, കാസർഗോഡ്-ഒരാൾ വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ സമ്പർക്കത്തിലൂടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇന്നലെ രോഗബാധിതരായവരിൽ 50 പേർ വിദേശത്ത് നിന്നെത്തിയവരാണ്. 48 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയവരും മൂന്ന് ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
Story Highlights: Kerala covid19 updates