‘വാക്കുകൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ല’; സച്ചിയുടെ വിയോഗത്തിൽ മനംനൊന്ത് മലയാള സിനിമ
ഇന്ത്യൻ സിനിമയ്ക്ക് ഇത് തീരാ നഷ്ടങ്ങളുടെ വർഷം. ഇർഫാൻ ഖാനും, ഋഷി കപൂറും, സുശാന്ത് സിങ് രാജ്പുതും, ചിരഞ്ജീവി സർജയും, ശശി കലിംഗയും നഷ്ടമായ സിനിമാലോകത്തിന് മറ്റൊരു തീരാനഷ്ടം കൂടിയാകുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ വേർപാടും.
ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന സച്ചി ഇന്നലെ രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. മലയാള സിനിമാലോകം വലിയ ഞെട്ടലോടെയാണ് സച്ചിയുടെ മരണവാർത്ത കേട്ടറിഞ്ഞത്.
2007ൽ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു അഭിഭാഷകനായിരുന്ന സച്ചിദാനന്ദന്റെ സിനിമ പ്രവേശനം. ചോക്ലേറ്റിൽ സേതുവിനൊപ്പം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച സച്ചി 2012ൽ ഇറങ്ങിയ ‘റൺ ബേബി റൺ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രനായി. ‘അനാർക്കലി’, ‘അയ്യപ്പനും കോശിയും’ എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. മികച്ച സ്വീയകാര്യതനേടിയ ചിത്രങ്ങളായിരുന്നു ഇവ രണ്ടും.
സച്ചിയ്ക്ക് ആദരാജ്ഞലികൾ അർപ്പിക്കുകയാണ് സിനിമാലോകം. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സിനിമ താരങ്ങൾ സച്ചിയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.