ടി വിയിൽ മാത്രം കണ്ടിട്ടുള്ള ടൊവിനോ തോമസ് ടി വിയുമായി വീട്ടിലെത്തി; സന്തോഷക്കണ്ണീരോടെ രഞ്ചു- വീഡിയോ
വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലൂടെ ജൂൺ ഒന്നുമുതൽ ആരംഭിച്ചിരുന്നു. ഒരാഴ്ച ട്രയൽ അടിസ്ഥാനത്തിൽ നടത്തുകയാണ് ക്ലാസ്സുകൾ. യൂട്യൂബിലും ക്ലാസുകൾ ലഭ്യമാണെങ്കിലും സ്മാർട്ട് ഫോണോ ടി വിയോ ഇല്ലാത്ത ഒട്ടേറെ കുട്ടികളുണ്ട്.ഇപ്പോൾ പട്ടിക വർഗ സങ്കേതങ്ങളിലെ കുട്ടികൾക്കായി സൗകര്യം ഒരുക്കുന്ന അതിജീവനം എംപീസ് എഡ്യു കെയറിന്റെ ഭാഗമായി രഞ്ചു എന്ന കുട്ടിക്ക് ടി വി എത്തിച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്.
ടൊവിനോ മന്ത്രി ടി എൻ പ്രതാപനോടൊപ്പം എത്തിയാണ് രഞ്ചുവിന് ടി വി കൈമാറിയത്. എച്ചിപ്പാറ സ്കൂള്‍ കോളനിയിലാണ് രഞ്ചു താമസിക്കുന്നത്.
ടി എൻ പ്രതാപന്റെ വാക്കുകൾ;
അതിജീവനം എംപീസ് എഡ്യു കെയർ ഗുഡ് വിൽ അംബാസിഡർ ആയി ടൊവിനോ തോമസ്. ഇന്ന് മുതല്‍ എച്ചിപ്പാറ സ്കൂള്‍ കോളനിയിലെ സ്വന്തം വീട്ടിലിരുന്നാണ് രഞ്ചു ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുക. ചലച്ചിത്ര താരം ടൊവിനോയിൽ നിന്നും സ്മാര്‍ട്ട് ടി.വി ഏറ്റുവാങ്ങുമ്പോള്‍ സന്തോഷത്താല്‍ രഞ്ചുവിന്റെ കണ്ണുകള്‍ നനയുന്നുണ്ടായിരുന്നു. വരന്തരപ്പിള്ളി എച്ചിപ്പാറ ഗവ. ട്രൈബല്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കെ.ആര് രഞ്ചു ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നതറിഞ്ഞപ്പോള് മുതല്‍ സങ്കടത്തിലായിരുന്നു. വീട്ടിലെ ടി.വി കേടായിട്ട് മാസങ്ങളായി. സ്മാര്‍ട്ട്ഫോണാകട്ടെ ഇതുവരെ കണ്ടിട്ടുമില്ല. ലോക്ക് ഡൗൺ കാലമായതിനാല്‍ അച്ഛന് രഘുവിനും ഷീജയ്ക്കും ജോലിയില്ലാതായിട്ട് മാസങ്ങളായി. മറ്റ് വഴികളില്ലാതായതോടെ ട്രൈബല്‍ സ്കൂളിലെ പാചകത്തൊഴിലാളിയുടെ വീട്ടില്‍ പോയിട്ടാണ് രഞ്ചു ആദ്യ മൂന്ന് ദിവസങ്ങളിലെ ക്ലാസ് കേട്ടത്. സങ്കടം ഉള്ളിലൊതുക്കി വീട്ടിലിരിക്കുമ്പോഴാണ് വീട്ടിലേയ്ക്ക് കേബിള്‍ കണക്ഷന് കൊടുക്കാന്‍ ആളെത്തിയത്. അതുവരെ ടി.എന്‍ പ്രതാപന് എം.പിയുടെ അതിജീവനം എം.പീസ് എഡ്യുകെയര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തന്റെ വീട്ടിലാണ് നടക്കുന്നതെന്നോ ചലച്ചിത്രതാരം ടൊവിനോ തന്റെ വീട്ടിലെത്തി ടി.വി സമ്മാനിക്കുമെന്നോ ഈ കൊച്ചുമിടുക്കിക്ക് അറിയില്ലായിരുന്നു. അപ്രതീക്ഷിതമായി ആഗ്രഹം നിറവേറിയപ്പോള്‍ രഞ്ചുവിന് ഇരട്ടി മധുരം. രഞ്ചുവിനൊപ്പം നാലാം ക്ലാസുകാരിയായ അനിയത്തിലും അടുത്ത വീട്ടിലെ രണ്ട് കുട്ടികളും ഈ ടി.വി ഉപയോഗിച്ച് പഠിക്കും. ടി.വി കിട്ടിയതിനൊപ്പം ടി.വി സ്ക്രീനില്‍ മാത്രം കണ്ട ടൊവിനോ തന്റെ വീട്ടിലുമെത്തിയതിന്റെയും സന്തോഷം.
Read More:‘രാഷ്ട്രത്തെ ഉയര്‍ത്തിപ്പിടിച്ച പെണ്‍കരുത്ത്’; കര്‍ണം മല്ലേശ്വരിയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്
എല്ലാവരും ഈ കാലഘട്ടത്തില്‍ അവനവന് കഴിയാവുന്ന സഹായങ്ങള്‍ ജാതിയും രാഷ്ട്രീയവും നോക്കാതെ ചെയ്യണമെന്ന് ടൊവിനോ പറഞ്ഞു. ആരു നന്മ ചെയ്താലും നന്മ ചെയ്യുന്നവരെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. കുട്ടികള്‍ക്ക് വേണ്ടി പഠിക്കാന്‍ സൗകര്യമൊരുക്കുന്നതില്‍ മത്സരബുദ്ധിയോടെ എല്ലാവരും സഹകരിക്കണമെന്നും ടൊവിനോ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളെ എല്ലാവിഭാഗം കുട്ടികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായിക്കുമെന്ന് എം.പി അറിയിച്ചു. നൂറ് ശതമാനം അര്‍ഹതയുള്ളവരെ കണ്ടെത്താനായി പ്രാദേശിക ജനപ്രതിനിധികളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും സഹകരണം ഉറപ്പാക്കുമെന്ന് ടി.എന്‍ പ്രതാപന് എം.പി അറിയിച്ചു. പത്ത് ടി.വിയാണ് ടൊവിനോ പദ്ധതിയിലേയ്ക്ക് സമ്മാനിച്ചത്. മഞ്ജു വാര്യര്‍ അഞ്ച് ടി.വി നല്‍കും. ഇരിങ്ങാലക്കുടയിലെ പ്രവാസി നിസാര്‍ അഷ്റഫ് പത്ത് ടി.വിക്കുള്ള ചെക്ക് ചടങ്ങില്‍ കൈമാറി. തൃശ്ശൂരിലെ AUM സ്റ്റുഡിയോ ഉടമസ്ഥരായ ശ്രീറാം ഗോപാലകൃഷ്ണ, ശ്രീനാഥ് ഗോപാല കൃഷ്ണ എന്നിവർ ഒരു ടി വി എംപീസ് എഡ്യു കെയർ ലേക്ക് സമർപ്പിച്ചു. ബിജു മേനോന്, സംയുക്താവര്‍മ്മ എന്നിവരും പദ്ധതിയുടെ ഭാഗമാകും. ആദ്യഘട്ടത്തില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും രണ്ടാം ഘട്ടത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും മൂന്നാംഘട്ടത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ സ്മാര്‍ട്ട് ടി.വി നല്‍കും. നേരത്തെ ടാബ് ലെറ്റ് വാങ്ങി നല്‍കാനായിരുന്നു പദ്ധതിയെങ്കിലും സ്കൂള്‍ തുറന്നാലും പൂര്‍ണ്ണായി ഉപയോഗപ്പെടുത്താന്‍ കഴിയുക സ്മാര്‍ട്ട് ടി.വി ആയതിനാലാണ് അത് തെരഞ്ഞെടുത്തതെന്ന് എം.പി വ്യക്തമാക്കി. ടൊവിനോയാണ് പദ്ധതിയുടെ ഗുഡ് വിൽ അംബാസഡര്‍. സുമനസ്സുകളായ ആര്‍ക്കും പദ്ധതിയുമായി സഹകരിക്കാമെന്നും ടി.വി നല്‍കുന്നവരുടെ പേര് സുതാര്യതയ്ക്കായി പരസ്യപ്പെടുത്തുമെന്നും എം.പി വ്യക്തമാക്കി.
Story highlights-tovino thomas donate t v to renju