ഈ ഭീമന് കഴുകന് ചിറകടിക്കാതെ പറക്കുന്നത് 160 കിലോമീറ്റര്‍ വരെ; അതിശയിപ്പിച്ച് പുതിയ കണ്ടെത്തല്‍
മനുഷ്യന്റെ വിചാരങ്ങള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രകൃതിയും അതിലെ സസ്യ-ജീവജാലങ്ങളും. അതുകൊണ്ടുതന്നെ പ്രകൃതിയേക്കുറിച്ചുള്ള മനുഷ്യന്റെ കണ്ടെത്തലുകളും പഠനങ്ങളും തുടര്‍ന്നു കോണ്ടേയിരിക്കുന്നു. പുല്ല് മുതല്‍ പുല്‍ച്ചാടിയില്‍ വരേയുണ്ട് കൗതുകകരമായ ഒട്ടേറെ കാര്യങ്ങളും. പലപ്പോഴും ശാസ്ത്ര ലോകത്തെ തന്നെ അതിശയിപ്പിക്കുന്നു ഇത്തരം കണ്ടെത്തലുകള്‍.
പറഞ്ഞു വരുന്നത് അത്തരമൊരു കണ്ടെത്തലിനെ കുറിച്ചാണ്. ഭീമന് കഴുകനായ ആന്‍ഡിയന്‍ കോണ്ടൂര് എന്ന പക്ഷിയെക്കുറിച്ച്. സാധാരണ ചിറകുകള് അടിച്ചാണ് പക്ഷികള്‍ പറക്കാറ്. എന്നാല്‍ ഈ ഭീമന് കഴുകന് 160 കിലോമീറ്റര്‍ ദൂരം വരെ ചിറകടിക്കാതെ പറക്കാന്‍ സാധിക്കും എന്നതാണ് പുതിയ കണ്ടെത്തല്‍.
ഉയരത്തില്‍ കുതിച്ചു പറക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണ് ആന്‍ഡിയന്‍ കോണ്ടൂര് എന്ന ഭീമന് കഴുകന്. ചിറകുകള് അടിക്കാതെ വായു പ്രവാഹത്തിലൂടെ മണിക്കൂറുകളോളം ഇവയ്ക്ക് പറക്കാന്‍ കഴിയുന്നു. പത്ത് അടി നീളവും 33 പൗണ്ട് ഭാരവുമുണ്ട് ഒരു ശരാശരി ആന്‍ഡിയന്‍ കോണ്ടൂറിന്. ഇന്നു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഭാരം കൂടിയ പക്ഷിയും ഇതുതന്നെ.
ശാസ്ത്രജ്ഞരുടെ പ്രത്യേക സംഘം നടത്തിയ പഠനത്തിലാണ് മണിക്കൂറുകളോളം ആന്‍ഡിയന്‍ കോണ്ടൂര് ചിറകടിക്കാതെ പറക്കുന്നു എന്ന് കണ്ടെത്തിയത്. 160 കിലോമീറ്റര്‍ ദൂരം അഞ്ച് മണിക്കൂറുകള്‍ക്കൊണ്ട് പഠനത്തിന് വിധേയരാക്കിയ ആന്‍ഡിയന്‍ കോണ്ടൂറില് ഒരെണ്ണം ചിറകടിക്കാതെ പറന്നു.
ഭൂമിയുടെ വടക്കന്‍ ഭാഗങ്ങളിലാണ് പ്രധാനമായും ആന്‍ഡിയന്‍ കോണ്ടൂറിനെ കാണപ്പെടുന്നത്. കഴുകന് വംശത്തിലെ പ്രധാനപ്പെട്ട ഒരിനമാണ് ഈ പക്ഷി. മാനിന്റേയും കന്നുകാലികളുടേയും അഴുകിയ ശവശരീരമാണ് ഇവ പ്രധാനമായും ഭക്ഷിക്കുന്നത്. ശരാശരി 50 വയസുവരെ ജീവിച്ചിരിക്കാറുണ്ട് ഈ പക്ഷികള്‍. പക്ഷെ ഇപ്പോള്‍ ഇവ വംശനാശ ഭീഷണിയിലാണ്.
Story highlights: Andean condors can fly for 160 km without flapping wings