സൗന്ദര്യം ഇലത്തുമ്പിൽ; അറിയാം ചില നാടൻ പൊടികൈകൾ

ഔഷധ ഗുണങ്ങളാൽ സമ്പന്നമാണ് തുളസി ചെടി. അതുകൊണ്ടുതന്നെ വീടിനുമുന്നിലൊരു തുളസിച്ചെടി തീർച്ചയായും ഉണ്ടാവണമെന്നാണ് പഴമക്കാർ പറയുന്നത്. പണ്ട് കാലത്ത് വീട്ടിലും തൊടിയിലുമൊക്കെ ധാരാളമായി കണ്ടിരുന്ന തുളസിച്ചെടി ഇന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്.
ഈ തുളസിയുടെ ഇലത്തുമ്പിൽ ഒളിഞ്ഞിരിക്കുന്നത് നിരവധി ഗുണങ്ങളാണ്. ആരോഗ്യത്തിന് പുറമെ സൗന്ദര്യകാര്യത്തിലും മുന്നിലാണ് തുളസിച്ചെടി. തുളസിയ്ക്ക് പുറമെ നിരവധി ഇലച്ചെടികളാണ് സൗന്ദര്യ വർധക വസ്തുവായി ഉപയോഗിക്കുന്നത്.
തുളസിയില
തുളസിയില അരച്ച് മുഖത്തിടുന്നത് മുഖത്തെ പാടുകൾ ഇല്ലാതാക്കാനും മുഖം തിളങ്ങാനും സഹായിക്കും. മുഖക്കുരു ഇല്ലാതാക്കാൻ തുളസിയിലയും ചന്ദനവും ആര്യവേപ്പും ചേർത്തരച്ച ശേഷം 15 മിനിറ്റ് മുഖത്ത് പുരട്ടിവയ്ക്കുക ശേഷം കഴുകിക്കളയാവുന്നതാണ്.
പുതിനയില
പുതിനയില മോരും അരിപ്പൊടിയും ചേർത്തരച്ച് മുഖത്ത് ഇടുക. അല്പസമയത്തിന് ശേഷം മോര് തളിച്ച് മുഖം സ്ക്രബ് ചെയ്താൽ മുഖത്തെ ബ്ലാക്ക് ഹെഡ്‌സ് ഒരു പരിധിവരെ ഇല്ലാതാകും.
മല്ലിയില
മല്ലിയിലയും മഞ്ഞളും ചേർത്ത് മുഖത്തിട്ടാൽ മുഖത്തെ പാടുകൾ ഇല്ലാതാകും. ഒരുപിടി മല്ലിയില അരച്ചെടുത്ത ശേഷം വെള്ളത്തിലിട്ട് തിളപ്പിക്കുക ഇത് തണുത്ത ശേഷം ഷാംപൂ ചെയ്ത മുടിയിൽ കണ്ടീഷ്ണറായി ഉപയോഗിക്കാവുന്നതാണ്.
ചെമ്പരത്തി ഇല
ചെമ്പരത്തി ഇല നന്നായി കഴുകി എടുത്ത് ഇവ അരച്ച് തലയിൽ ഷാംപുവായി ഉപയോഗിക്കാവുന്നതാണ്.
Story Highlights: Leaves and beauty