ഗുണത്തേക്കാള്‍ ദോഷം ചെയ്യും; വാല്‍വുള്ള എന്‍95 മാസ്‌ക്കുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം
വാല്‍വുള്ള എന്‍95 മാസ്‌ക്കുകള്‍ വൈറസിനെ തടയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത്തരം മാസ്‌ക്കുകള്‍ ഗുണത്തേക്കാള്‍ അധികമായി ദോഷം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വാല്‍വുള്ള എന്‍95 മാസ്‌ക്കുകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
വാല്‍വുള്ള എന്‍95 മാസ്‌ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്വസിക്കുന്ന വായു ശുദ്ധീകരിച്ച് ഉള്ളിലെത്തിക്കും. എന്നാല്‍ പുറന്തള്ളുന്ന വായു അപകടകരമായിരിക്കും. കാരണം പുറന്തള്ളുന്ന വായു ഈ വാല്‍വ് ശുദ്ധീകരിക്കില്ല. അതിനാല്‍ കൊവിഡ് രോഗിയായ ഒരാള്‍ വാല്‍വുള്ള എന്‍95 മാസ്‌ക് ഉപയോഗിക്കുമ്പോള്‍ പരുറന്തള്ളുന്ന വായുവിലൂടെ വൈറസ് പടരാം.
അതേസമയം സുരക്ഷിത സാഹചര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മത്രമാണ് എന്‍95 മാസ്‌ക്കുകള്‍ ധരിക്കാന്‍ അനുവാദമുള്ളത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും തുണി കൊണ്ടുള്ള മാസ്‌ക്ക് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കണമെന്നും കേന്ദ്രത്തിന്‍റെ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Story highlights: Central Health Ministry Against N95 Mask