തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; പൂന്തുറയിലും, പുല്ലുവിളയിലും സമൂഹവ്യാപനം- മുഖ്യമന്ത്രി
തിരുവനന്തപുരത്ത് തീരദേശ മേഖലയിൽ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുല്ലുവിള, പൂന്തുറ തുടങ്ങിയ പ്രദേശങ്ങളിൽ സമൂഹവ്യാപനം നടന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലയിൽ ഇന്ന് 246 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 237 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്.
കരിങ്കുളം പഞ്ചായത്തിൽ പുല്ലുവിളയിൽ 97 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ 51 പേർക്കും രോഗം സ്ഥിരീകരിച്ചു. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 സാമ്പിളിൽ 26 പേരുടെ ഫലം പോസിറ്റീവ് ആണ്. പുതുക്കുറിശിയിൽ 75 സാമ്പിളുകളിൽ 20 പേരുടേത് പോസിറ്റീവ് ആയി.
അതേസമയം, സംസ്ഥാനത്ത് ഗുരുതര സാഹചര്യം നിലനിൽക്കുന്ന തിരുവനന്തപുരത്ത് സമൂഹവ്യാപനം മുൻനിർത്തി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തിരുവനന്തപുരത്ത് 4 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ 3 പേരുടെ ഉറവിടം വ്യക്തമല്ല. അതിനാൽ തന്നെ തീരപ്രദേശത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിക്കുന്നത്.
Story highlights-cm confirms community spread in thiruvananthapuram